
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് ഇന്ത്യൻ സിനിമയിലെ അഭിനയേതിഹാസം സൗമിത്രാ ചാറ്റർജി. ഇന്ത്യൻ ചലച്ചിത്രകലയുടെ ആചാര്യൻമാരിൽ പ്രമുഖനായ സത്യജിത് റേ സിനിമയ്ക്ക് സമ്മാനിച്ച അതുല്യനടൻ. സൗമിത്രയ്ക്കായി ബംഗാളിലെ കലാലോകം പ്രാർത്ഥനയിലാണ്.
ചാരുലതയടക്കം റേയുടെ 14 ചിത്രങ്ങളിലാണ് സൗമിത്ര ചാറ്റർജി അഭിനയിച്ചത്. സൗമിത്രയെ മനസിൽക്കണ്ടുപോലും റേ തിരക്കഥകൾ എഴുതിയിട്ടുണ്ട്.വിഖ്യാതമായ തന്റെ അപു ത്രയത്തിലെ മൂന്നാമത്തെ ചിത്രമായ അപൂർസൻസാറിൽ റേ സൗമിത്രയെ നായകനാക്കുകയായിരുന്നു.റേയുടെ നാലാമത്തെ സിനിമയായ ജൽസാഘറിന്റെ ഷൂട്ടിംഗ് കാണാനെത്തിയ സൗമിത്രയെ ചിത്രത്തിലെ നായകനും പ്രമുഖ നടനുമായ ചബ്ബിബിശ്വാസിന് റേ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു." ഇതാണ് എന്റെ അടുത്ത ചിത്രമായ അപൂർസൻസാറിലെ നായകൻ." റേയുടെ നാടകീയമായ പ്രഖ്യാപനം കേട്ട് സൗമിത്ര അമ്പരന്നുപോയി.
മൃണാൾസെന്നിന്റെ ചിത്രത്തിലുംഅഭിനയിച്ചിട്ടുണ്ട്.അന്തർദ്ധാൻ,തീൻകന്യ,അഭിജാൻ,ബാഗിനി,അശാനിസങ്കേത്,ദേവി,ചാരുലത, കാപുരുഷ്,പരിണീത,ആരണ്യേർ ദിൻ രാത്രി,അംഗ്ഷുമനോർ ചോബി തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിൽ സൗമിത്രാ ചാറ്റർജി തിളങ്ങിയിട്ടുണ്ട്.രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.മികച്ച നടനുള്ള ദേശീയ അവാർഡ്,ഫ്രഞ്ച് സർക്കാരിന്റെ ബഹുമതിയുമടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്