mukesh

 വ്യക്തിഗത ആസ്‌തിയിൽ മുന്നിൽ എം.എ. യൂസഫലി

കൊച്ചി: മലയാളിപ്പെരുമയിൽ തിളങ്ങി ഫോബ്‌സിന്റെ ഈവർഷത്തെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക. ആറ് മലയാളികളാണ് പട്ടികയിൽ. ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റാണ് ഒന്നാമത്. 480 കോടി ഡോളറാണ് (35,500 കോടി രൂപ) ആസ്‌തി.

എന്നാൽ, അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരുടെ ആസ്‌തിയും ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ഓഹരികളുടെ മൂല്യവും കണക്കാക്കിയുള്ളതാണ് ഈ സമ്പത്ത്. വ്യക്തിഗത ആസ്‌തി പരിഗണിച്ചാൽ ഒന്നാംസ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിലനിറുത്തി. 445 കോടി ഡോളറാണ് യൂസഫലിയുടെ ആസ്‌തി; ഏകദേശം 32,900 കോടി രൂപ.

ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ (305 കോടി ഡോളർ - 22,570 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്‌ണൻ (260 കോടി ഡോളർ - 19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ - 13,700 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ - 11,550 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികൾ.

ലുലുവിലേക്ക് നിക്ഷേപം

ലുലു ഗ്രൂപ്പിൽ സൗദിയിലെ പബ്ളിക് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്), അബുദാബി സർക്കാരിന്റെ നിക്ഷേപക കമ്പനിയും 200 കോടി ഡോളറിന്റെ (16,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൂചനയുണ്ട്. നിക്ഷേപം ലഭ്യമായാൽ എം.എ. യൂസഫലിയുടെ ആസ്‌തിയിൽ കൂടുതൽ വർദ്ധന പ്രതീക്ഷിക്കാം.

13-ാം വട്ടവും

അംബാനി

ഫോബ്‌സിന്റെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ 2020ലും ഒന്നാംസ്ഥാനത്ത് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ. തുടർച്ചയായ 13-ാം വർഷമാണ് അംബാനി ഈ പട്ടം ചൂടുന്നത്. 8,870 കോടി ഡോളറാണ് (6.56 ലക്ഷം കോടി രൂപ) ആസ്‌തി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (2,520 കോടി ഡോളർ - 1.86 ലക്ഷം കോടി രൂപ) രണ്ടാംസ്ഥാനം നിലനിറുത്തി. എച്ച്.സി.എൽ തലവൻ ശിവ് നാടാർ ആണ് (2,040 കോടി ഡോളർ - 1.51 ലക്ഷം കോടി രൂപ) മൂന്നാംസ്ഥാനത്ത്.

$51,750 കോടി

കൊവിഡ് പ്രതിസന്ധിക്കിടയിലും 14 ശതമാനം വർദ്ധനയോടെ, 100 ഇന്ത്യൻ അതിസമ്പന്നരും ചേർന്ന് ഈവർഷം വാരിക്കൂട്ടിയ സമ്പത്ത് 51,750 കോടി ഡോളറാണ്; ഏകദേശം 38 ലക്ഷം കോടി രൂപ. ഇതിൽ 2.72 ലക്ഷം കോടി രൂപയും നേടിയത് മുകേഷ് അംബാനി.