covid-india

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 70 ലക്ഷത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ 73,272 പേർക്ക് രോഗം സ്ഥിരീകരിച്ചു. 926 പേർ മരണമടഞ്ഞു. ഇതുവരെ 69,79,424 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 1,07,416. നിലവിൽ രാജ്യത്ത് 8,83,185 ആക്‌ടീവ് കേസുകളാണുള‌ളത്. 59,88,823 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത കേരളത്തിൽ രോഗം അതിവേഗം പടരുകയാണ്. നാലര മാസം കൊണ്ടാണ് ആദ്യ 10,000 രോഗികളെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ബുധനാഴ്‌ച പ്രതിദിന വ‌ർദ്ധന 10,000 കടന്നു. കൊവിഡ് രോഗത്തെ പ്രതിരോധിച്ചതിന് ആഗോള തലത്തിൽ കേരളത്തിന് മുൻപ് പ്രശംസ നേടിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പക്ഷെ മഹാരാഷ്‌ട്രയ്‌ക്കും കർണാടകയ്‌ക്കും പിന്നിലായി വലിയ രോഗവ്യാപനമാണ് സംസ്ഥാനത്ത്.

രാജ്യത്ത് രോഗവ്യാപന നിരക്ക് 12.94% ആണ്. കഴിഞ്ഞ മാസങ്ങളിൽ നിന്ന് വിഭിന്നമായി ആദ്യമായി ആക്‌ടീവ് കേസുകൾ 9 ലക്ഷത്തിന് താഴെയെത്തിയത് രോഗവ്യാപനം തോത് കുറഞ്ഞതിന് തെളിവായി കേന്ദ്രം കരുതുന്നു. കഴിഞ്ഞ മൂന്ന് ആഴ്‌ചയായി രോഗമുക്തി നിരക്ക് രാജ്യത്ത് വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.52% ആയി.

വെള‌ളിയാഴ്‌ച രോഗബാധിതരുടെ എണ്ണം രാജ്യത്ത് 70,496 ആയിരുന്നു. രോഗമുക്തി 78,365 ഉം. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം രോഗബാധയുള‌ളത്. മഹാരാഷ്‌ട്ര, കർണാടക, കേരളം, ആന്ധ്രപ്രദേശ്,തമിഴ്നാട്, പശ്ചിമ ബംഗാൾ,ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി. മഹാരാഷ്‌ട്രയിൽ 13000നു മുകളിലും കർണാടകയിൽ 10,000നു മുകളിലും കേരളത്തിൽ 9000നു മുകളിലുമാണ് പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്‌തത്.ആകെ മരണനിരക്കിൽ 37 ശതമാനവും മഹാരാഷ്‌ട്രയിൽ നിന്നാണ്. 358 പേർ.