
അസുരഗുരുവായ ശുക്രമഹർഷിയുടെയും ഊർജസ്വതിയുടെയും പുത്രിയാണ് ദേവയാനി. ആശ്രമാന്തരീക്ഷത്തിൽ വളർന്ന ദേവയാനി ആശ്രമകാര്യങ്ങളിൽ അച്ഛനെ സഹായിച്ച് പ്രിയപുത്രിയായി വളർന്നു.ശുക്രാചാര്യർ കഠിനതപസനുഷ്ടിച്ച് ശിവനിൽ നിന്നും മൃതസഞ്ജീവനി വിദ്യ കരസ്ഥമാക്കി.
ഈ വിദ്യയിലൂടെ ദേവാസുര യുദ്ധങ്ങളിൽ മരിച്ചുവീഴുന്ന അസുരന്മാരെയെല്ലാം ഗുരു നിമിഷങ്ങൾക്കുള്ളിൽ ജീവിപ്പിച്ച് വീണ്ടും യുദ്ധഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു. ഇത് ദേവന്മാർക്ക് ഒരു വലിയ തലവേദനയായി. ദേവന്മാർ മരിച്ചു വീഴുന്നതോടെ അംഗബലം കുറയുകയും മൃതസഞ്ജീവനിയിലൂടെ അസുരന്മാരുടെ എണ്ണം കൃത്യമായി നിലനിന്നും പോന്നു. ഇതിനൊരു പരിഹാരം കാണണമെന്ന് ദേവന്മാർ തലപുകഞ്ഞാലോചിച്ചു. ഒടുവിൽ അവർ ഒരു തന്ത്രം മെനഞ്ഞെടുത്തു. ശുക്രാചാര്യരുടെ ജ്യേഷ്ഠനായ ബ്രഹ്മസ്പതിയാണ് ദേവന്മാരുടെ ഗുരു. അദ്ദേഹത്തിന്റെ പുത്രനായ കചനെ ശുക്രന്റെ ശിഷ്യനായി അയച്ച് തന്ത്രത്തിൽ മൃതസഞ്ജീവനി വിദ്യപഠിച്ചുവരാനായി പദ്ധതി തയ്യാറാക്കി. കചൻ ശുക്രാചാര്യയുടെ ശിഷ്യനാകാൻ യാത്രയായി.
ഭവ്യതയോടെ ശുക്രസമീപം എത്തിയ കചനെ ശുക്രൻ സ്നേഹപൂർവം സ്വീകരിച്ചു. തന്റെ ജ്യേഷ്ഠൻ മകനെ തന്റടുത്തേക്ക് ശിഷ്യനാകാൻ അയച്ചതിൽ ശുക്രന് സ്വയം മതിപ്പുതോന്നി. യാതൊരു ശങ്കയുമില്ലാതെ പുത്രവാത്സല്യത്തോടെ ശുക്രൻ കടനോട് പെരുമാറി. കൂടാതെ ആശ്രമത്തിൽ ദേവയാനിക്കൊരു കൂട്ടുമായല്ലോ എന്നും ശുക്രൻ സമ്മാനിച്ചു. ഓരോരോ കാര്യങ്ങൾ പഠിച്ചുവരുന്നതിനനുസരിച്ച് ദിവസങ്ങൾ കഴിയുന്തോറും ദേവയാനിക്ക് കചനോടുള്ള സഹോദരഭാവം വ്യതിചലിച്ച് കാമുകന്റേതായി തീർന്നു. ലക്ഷ്യം പൂർത്തിയാക്കുന്നതിന് ദേവയാനിയെ പിണക്കാനും കചനു കഴിയാതെയായി. കാമുകവേഷം കചൻ നന്നായി ആടി.
ദേവലോകത്തുനിന്നും ഒരു പുതിയ ശിഷ്യൻ അസുരലോകത്തെത്തിയത് അസുരന്മാർക്ക് ഇഷ്ടമായില്ല. മൃതസഞ്ജീവനി കൈക്കലാക്കാനാണ് ഇയാൾ എത്തിയിരിക്കുന്നതെന്ന് അവർ രഹസ്യമായി മനസിലാക്കി. കചനെ ഇല്ലാതാക്കാൻ അവർ പദ്ധതികൾ തയ്യാറാക്കാൻ തുടങ്ങി. ഒരുനാൾ കചൻ ആശ്രമപശുക്കളേയും കൊണ്ട് മേയ്ക്കാനായി കാട്ടിലേക്കു പോയപ്പോൾ ഏതാനും അസുരന്മാരും പിന്നാലെ കൂടി. കാട്ടിലെത്തിയ അസുരന്മാർ കചനെ വെട്ടിനുറുക്കി ചെന്നായ്ക്കൾക്കിട്ടുകൊടുത്തു. രാത്രിയായപ്പോൾ കചൻ ഇല്ലാതെ പശുക്കൾ ആശ്രമത്തിലെത്തി. കചനെ കാണാതെ ദേവയാനി പരിഭ്രാന്തയായി. അവൾ കരഞ്ഞുകൊണ്ടോടി പിതാവിനെ ശരണം പ്രാപിച്ചു. ദിവ്യദൃഷ്ടിയിലൂടെ നടന്നതൊക്കെ ഗുരു മനസിലാക്കി. നിമിഷങ്ങൾക്കകം മന്ത്രം ചൊല്ലി കചനെ പഴയരൂപത്തിൽ ഗുരുവരുത്തി. നേരത്തെ കചമാംസം ഭക്ഷിച്ച ചെന്നായ്ക്കൾ കാട്ടിൽ വയർപൊട്ടി ചത്തുവീണു. അസുരന്മാരുടെ ആദ്യപദ്ധതി പൊളിഞ്ഞപ്പോൾ അവർക്ക് കചനോടുള്ള വിരോധം വർദ്ധിക്കാൻ കാരണമായി. അവർ അടുത്ത പദ്ധതി തയ്യാറാക്കി. കചനെ അവർ അരച്ചുകലക്കി സമുദ്രത്തിൽ കൊണ്ടൊഴുക്കി. അപ്രാവശ്യവും ദേവയാനിയുടെ നിർബന്ധത്തിന് വഴങ്ങി അസുരന്മാരെ പഴിച്ചശേഷം ശുക്രൻ കചനെ പുനർജീവിപ്പിച്ചു. അസുരന്മാരുടെ വാശി കൂടുതൽ ജ്വലിച്ചു. അവർ അടുത്ത അവസരം കാത്തിരുന്നു. പശുക്കളേയും കൊണ്ടു കാട്ടിൽപോയ കചനെ കാട്ടിൽവച്ച് വകവരുത്തി മൃതദേഹം ഉപയോഗിച്ച് മദ്യം ഉണ്ടാക്കി ആ മദ്യം മുഴുവൻ ശുക്രാചാര്യനെ കൊണ്ടുതന്നെ കുടിപ്പിച്ചു. പദ്ധതി വിജയിച്ചെന്ന് അസുരന്മാർ ഉറപ്പാക്കി. ദേവയാനിയുടെ പട്ടിണി കിടപ്പും നിർത്താതെയുള്ള കരച്ചിലും സഹിക്കാനാകാതെ ശുക്രൻ കചനെ അന്വേഷിച്ചു. കചൻ തന്റെ ഉള്ളിൽതന്നെെന്നു ഗുരു മനസിലാക്കി. മന്ത്രം ഉപയോഗിച്ചാൽ വയർ പൊട്ടി ഗുരുമരിക്കും. വിഷമസന്ധിയിലായ ഗുരു നിവൃത്തിയില്ലാതെ തന്റെ വയറ്റിൽ കിടക്കുന്ന കചന് മന്ത്രം പഠിപ്പിച്ചുകൊടുക്കാമെന്നും അതിനുശേഷം മന്ത്രം ചൊല്ലി കചനെ പുറത്തുകൊണ്ടുവരാമെന്നും പുറത്തുവരുന്ന കചൻ മന്ത്രം ചൊല്ലി ഗുരുവിനെ പുനർജീവിപ്പിക്കണമെന്നും പരസ്പരം കരാറാക്കി. കചനും ശുക്രനും പുനർജനിച്ചു. കചൻ മന്ത്രവിദ്യ പഠിച്ചും കഴിഞ്ഞു. ഈ സംഭവത്തോടുകൂടി ശുക്രൻ മദ്യപാനം ഉപേക്ഷിച്ചു. കൂടാതെ ബ്രാഹ്മണർക്കും മദ്യം നിഷേധിച്ചുകൊണ്ടുള്ള നിയമവും നടപ്പാക്കി.
മൃതസഞ്ജീവനി കരസ്ഥമാക്കിയ കചൻ ദേവലോകത്തേക്ക് പുറപ്പെടാൻ അവസരം കാത്തു. ദേവയാനിയാണെങ്കിൽ തന്റെ ഭാവി വരൻ കചൻ തന്നെയെന്നു തീർച്ചപ്പെടുത്തി ജീവിത സ്വപ്നങ്ങൾ നെയ്ത് ദിവസങ്ങൾ എണ്ണി നീക്കുകയായിരുന്നു. കചന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയ ദേവയാനി പലയാചനകളും നിരത്തി നോക്കി. കചൻ ഒന്നിലും വഴങ്ങുന്നില്ല എന്നുകണ്ടപ്പോൾ 'പിതാവിൽ നിന്നും മനസിലാക്കിയ വിദ്യ ഉപയോഗിച്ച് ആരേയും പുനർജീവിപ്പിക്കാൻ കഴിയാതെ പോട്ടെ' എന്നു ശപിച്ചു. ഇത്രനാളും കാമുകനായി ആടിപ്പാടി നടന്ന തന്നെ ശപിച്ചതിൽ കചനും രോഷാകുലനായി. 'ദേവന്മാരാരും നിന്നെ വിവാഹം കഴിക്കാതാകട്ടെ' എന്ന മറുശാപം കചനും കൊടത്തു. കചൻ ദേവലോകത്തേക്ക് യാത്രയായി.
ദേവയാനി വീണ്ടും പഴയതുപോലെ ഒരു ആശ്രമ കന്യകയായി. കചനുമൊത്തുള്ള ആനന്ദജീവിതം ഓർമ്മിച്ചോർമ്മിച്ച് അവൾ കഴിഞ്ഞു. ഇതിനിടയിൽ വൃഷപർവാവ് എന്ന അസുരൻ പുതിയ അസുരരാജാവായി സ്ഥാനമേറ്റു. അസുരഗുരുവും കുടുംബവും രാജകൊട്ടാരത്തിലേക്ക് താമസം മാറ്റി. ദേവയാനിയും സമപ്രായക്കാരിയായ രാജകുമാരി ശർമിഷ്ഠയും അവിടെ കൂട്ടുകാരായി. രാജകുമാരിയോടും തോഴിമാരോടും കളിതമാശകൾ പറഞ്ഞ് പഴയതൊക്കെ മറക്കാൻ ദേവയാനി ശ്രമിച്ചു. ഒരുനാൾ ദേവയാനിയും ശർമിഷ്ഠയും തോഴിമാരും കൂടി അടുത്തുള്ള ഒരു അരുവിയിൽ നീരാടാൻ പോയി. വസ്ത്രങ്ങളെല്ലാം കരയിൽ അഴിച്ചുവച്ചു അവർ ജലക്രീഡ തുടങ്ങി. അവിചാരിതമായി അതുവഴി വന്ന ഇന്ദ്രൻ അസുരയുവതികൾ നഗ്നരായി നീരാടുന്ന രംഗം കാണാനിടയായി. ഈ രംഗം കൂടുതൽ ആസ്വദിക്കുന്നതിനായി ഇന്ദ്രൻ ഒരു കാറ്റിന്റെ രൂപത്തിൽവന്ന് കുമാരിമാരുടെ വസ്ത്രങ്ങൾ അങ്ങുമിങ്ങും അടിച്ചുപറത്തി. വസ്ത്രങ്ങൾ കാറ്റിൽ പറന്നുപോകുന്നതുകണ്ട തരുണികൾ ഓടി കരയ്ക്കുകയറി കൈയിൽകിട്ടിയ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ ദേവയാനിയുടെ വസ്ത്രം ശർമിഷ്ഠ എടുത്തു ധരിക്കാനിടയായി. ദേവയാനി ദേവസ്ത്രീയും ശർമിഷ്ഠ അസുരസ്ത്രീയുമായതിനാൽ ദേവയാനിക്കിത് അസഹനീയമായിതോന്നി. ഇതിന്റെ പേരിൽ രണ്ടുപേരും വഴക്കായി. രണ്ടുപേരും പരസ്പരം പല തരത്തിലും പഴി പറഞ്ഞു. വഴക്കുമൂത്ത് ശർമിഷ്ഠ ദേവയാനിയെ ഒരു പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടശേഷം തോഴിമാരോടൊപ്പം കൊട്ടാരത്തിലേക്ക് പോയി.