indo-americ-deal

ന്യൂഡൽഹി: ഇന്ത്യയുമായുള‌ള സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താൻ അമേരിക്ക. ഈ മാസം അവസാനം ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന അമേരിക്ക-ഇന്ത്യ 2+2 മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് സ്‌റ്റീഫൻ ബീഗൻ തിങ്കളാഴ്ച ഇന്ത്യയിലെത്തും. 14 വരെ വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്ന ബീഗൻ ഇന്ത്യ-യു.എസ് ഫോറത്തിൽ മുഖ്യ പ്രഭാഷകനായിരിക്കും.

മുൻപ് ഒക്ടോ‌ബർ ആറിന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ജപ്പാനിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബിഗന്റെ സന്ദർശനം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി അതാത് വകുപ്പിലെ അമേരിക്കൻ പ്രതിനിധികളായ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, പ്രതിരോധ സെക്രട്ടറി മാർക് എസ്‌പാർ എന്നിവർ ഒക്‌ടോബർ 26,27 എന്നീ തീയതികളിൽ ചർച്ചകൾ നടത്തും. ഡൽഹിയിൽ വച്ചാകും ഉന്നതതല ചർച്ച.

യു.എസ്-ഇന്ത്യ ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുക, ഇൻഡോ-പസഫിക് മേഖലയിലും ലോകമാകെയും സമാധാനവും സുരക്ഷയും സമൃദ്ധിയും ഉറപ്പ് വരുത്തുക എന്നിവയാണ് ബീഗന്റെ സന്ദർശന ലക്ഷ്യം.

ശേഷം ഒക്‌ടോബർ 14 മുതൽ 16 വരെ ബീഗൻ ബംഗ്ളാദേശും സന്ദർശിക്കും. ധാക്കയിൽ ബംഗ്ലാദേശ് ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും. കൊവിഡ്-19 പ്രതിരോധത്തിൽ ഇരുരാജ്യങ്ങളുടെ സഹകരണവും സുസ്ഥിര സാമ്പത്തിക വികസനവും ചർച്ചാവിഷയങ്ങളാകും. അമേരിക്കയുടെയും ബംഗ്ലാദേശിൻറെയും പൊതു ലക്ഷ്യമായ സ്വതന്ത്ര,സുരക്ഷിത ഇൻഡോ-പസിഫിക് മേഖലയും അതിലൂടെ നേടാവുന്ന അഭിവൃദ്ധിയും ധാക്കയിലും ചർച്ച ചെയ്യപ്പെടും.