p-c-george

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകൾ അടുത്തു നിൽക്കെ യു.ഡി.എഫിലേക്ക് ചേക്കേറാനുളള നീക്കം സജീവമാക്കി പി. സി ജോർജ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫുമായി ധാരണയുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പി.സി ജോർജ് കേരളകൗമുദി ഓൺലൈനിനോട് വ്യക്തമാക്കി.

തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോൺഗ്രസിനെതിരെ യാതൊരു വിമർശനവും ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം ഒരു വർഷത്തിലധികമായി സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കും. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗത്തിനാണ് ജോർജിന്റെ വരവിനോട് താത്പര്യം. എ ഗ്രൂപ്പുകാരെ മയപ്പെടുത്തിയ ശേഷമാകും ജോർജിന്റെ മുന്നണിയിലേക്കുളള മടങ്ങിവരവ് ഉണ്ടാവുക.

ഭാവിയിൽ ജോർജ് തലവേദനയാകുമെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. എന്നാൽ ജോസ് വിട്ടുപോയ സാഹചര്യത്തിൽ പാല ഉൾപ്പടെയുളള കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ ചെറിയ തോതിലെങ്കിലും സ്വാധീനമുളള ജോർജിനെ പിണക്കരുതെന്ന് ഐ വിഭാഗം നേതാക്കൾ പറയുന്നു.

യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി പി.സി ജോർജ് പറഞ്ഞു. മുന്നണി നേതൃത്വവുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. അത് ഉടൻ ഉണ്ടാകും. പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും യു.ഡി.എഫുമായി സഹകരിക്കാനാണ് താത്പര്യമെന്നും പി.സി ജോർജ് വ്യക്തമാക്കി. യു.ഡി.എഫിലേക്ക് വരാൻ ഞങ്ങൾ തയ്യാറാണ് ഇനി അവരാണ് നിലപാട് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് മോഹികളെല്ലാം ജനപക്ഷം വിട്ടുപോവുകയാണ്. മുന്നണിയിലല്ലാതെ ഒറ്റയ്‌ക്ക് മത്സരിച്ചാൽ എട്ടുനിലയിൽ പൊട്ടുമെന്ന ചിന്തയാണ് ഇവരിൽ പലരേയും പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നത്. തുടർന്നാണ് പ.സി ജോർജ് യു.ഡി.എഫിൽ കയറിപ്പറ്റാനുളള ശ്രമം ആരംഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയുമാണ് അനൗദ്യോഗിക ചർച്ച നടത്തിയ ഐ ഗ്രൂപ്പ് നേതാക്കളോട് പി.സി ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷോൺ ജോർജായിരിക്കും പൂഞ്ഞാറിൽ മത്സരിക്കുക. ജോർജ് പൂഞ്ഞാറിൽ നിന്ന് മാറി കാഞ്ഞിരപ്പളളിയിൽ സ്ഥാനാർത്ഥിയാകും. എന്നാൽ ഒരു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. ജോർജിന്റെ വരവിനെ എതിർത്ത് കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയെങ്കിലും സംസ്ഥാന തലത്തിലെ തന്റെ ബന്ധം മുന്നണിയിലേക്കുളള വരവ് എളുപ്പമാക്കുമെന്നാണ് ജോർജ് കരുതുന്നത്.

ഒടുവിൽ വിശ്വസ്‌തനും പാർട്ടിവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനപക്ഷത്തിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിണ്ടന്റുമായ സെബാസ്റ്റ്യൻ വിളയാനി ഇന്ന് കോൺഗ്രസിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലത്തിലെ ജനപക്ഷത്തിന്റെ സ്വാധീന മേഖലയായ തിടനാട്ടിൽ മണ്ഡലം പ്രസിഡന്റ് തന്നെ പാർട്ടി വിട്ടത് പി.സി ജോർജിന് തിരിച്ചടിയായിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടായി പി.സി ജോർജിനൊപ്പം നിന്ന നേതാവാണ് സെബാസ്‌റ്ര്യൻ വിളയാനി. ആന്റോ ആന്റണി എം.പിയാണ് ഇദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകിയത്.