chembai-saradakutty

25 വർഷമായി വോക്കൽ കോർഡിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെയും തുടർന്ന് ആയുർവേദ ഔഷധത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെയും അനുഭവസാക്ഷ്യവുമായി എഴുത്തുകാരി ശാരദക്കുട്ടി. വർഷത്തിൽ രണ്ടു തവണയെങ്കിലും രണ്ട് മാസത്തോളം പൂർണ്ണമായും വോയ്സ് റെസ്റ്റ് എടുക്കേണ്ട അവസ്ഥയായിരുന്നുവെന്നും, ഒടുവിൽ 15 വർഷങ്ങൾക്ക് മുമ്പ് പുനത്തിൽ കുഞ്ഞബ്ദുള്ള ഉപദേശിച്ച മരുന്നാണ് ആശ്വാസം നൽകിയതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

കഴിഞ്ഞ 25 വർഷമായി വോക്കൽ കോർഡിൽ പോറലുകൾ വീണിട്ടുള്ള ശല്യമുണ്ട്. തൊണ്ട ഇടക്കിടെ മുരടനക്കി ശുദ്ധമാക്കിക്കൊണ്ടിരിക്കണം. ഓരോ തവണ അങ്ങനെ ചെയ്യുമ്പോഴും അത് വോക്കൽ കോർഡിനെ ദുർബ്ബലമാക്കുമെന്നറിയാം.

വർഷത്തിൽ രണ്ടു തവണയെങ്കിലും 2 മാസത്തോളം പൂർണ്ണമായും വോയ്സ് റെസ്റ്റ് എടുക്കും. ലീവെടുത്ത് പ്രസംഗങ്ങൾ ഒഴിവാക്കി വീട്ടിലിരിക്കും. വീട് ശാന്ത നിർമ്മലമായിരിക്കും.

ആ ദിവസങ്ങളിൽ . പ്രസംഗങ്ങളിൽ നിന്നൊഴിവാക്കണമെന്നു പറയുമ്പോൾ ചിലർ ചോദിക്കും, 'ഞങ്ങൾ വിളിക്കുമ്പോൾ മാത്രമാണല്ലോ വോയ്സ് റെസ്റ്റ് ' എന്ന് പിണങ്ങിപ്പോയ കൂട്ടുകാരുണ്ട്.

സൂക്ഷിച്ചില്ലെങ്കിൽ വളരെ അപകടം പിടിച്ച ഒരു സ്ഥാനത്തെ ബാധിച്ചിരിക്കുന്ന പ്രശ്നമാണത്. എനിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല എന്റെ വോക്കൽ കോർഡിനെ സംരക്ഷിക്കാൻ . വിശ്വാസം വരാത്തവർക്ക് , ചിലമ്പൽ വീണുകൊണ്ടിരിക്കുന്ന എന്റെ ശബ്ദം മാത്രമേയുള്ളു സാക്ഷ്യം വെക്കാൻ .

പ്രിയപ്പെട്ട പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് 15 വർഷങ്ങൾക്കു മുൻപ് വൈദ്യമഠത്തിലെ V N B ഘൃതവും V N B ചൂർണ്ണവും ഉപദേശിച്ചതും വരുത്തിത്തന്നതും. (ആവശ്യക്കാർ ഒന്നു നേരിൽ consult ചെയ്യുന്നത് നന്നാകും. പലർക്കും പലതാണല്ലോ ആരോഗ്യാവസ്ഥകൾ) . ആദരണീയനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് ശബ്ദം നഷ്ടപ്പെട്ടപ്പോൾ കഴിച്ച ഔഷധമായതു കൊണ്ടാണ് VNB എന്നും പറഞ്ഞു തന്നു . ടീച്ചേഴ്സ് throat എന്നും ഈ രോഗത്തിനു പേരുണ്ടത്രേ. V N B ഒരാഴ്ച കഴിക്കുമ്പോഴേക്കും സുഖമറിഞ്ഞു തുടങ്ങും.

കഴിഞ്ഞയാഴ്ച വീണ്ടും തൊണ്ട പ്രശ്നമായിത്തുടങ്ങി. വൈദ്യമഠത്തിൽ വിളിച്ചു. ഓൺലൈനിൽ പണമടച്ചു . മരുന്നെത്തി.

ഓൺലൈൻ പ്രഭാഷണങ്ങൾ വയ്യ എന്ന് കർക്കശമായി പറഞ്ഞ തീരുമാനം മാറ്റണമെന്ന് സുഹൃത്തുക്കൾ വീണ്ടും വിളിച്ചു തുടങ്ങിയതു കൊണ്ടാണ് ഇതിപ്പോൾ പറയുന്നത്.

പ്രിയപ്പെട്ട കുഞ്ഞിക്കയെ സ്നേഹത്തോടെ ഓർമ്മിക്കുന്നു.

എസ് ശാരദക്കുട്ടി