rss

ന്യൂഡൽഹി: എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിൽക്കുന്നതാണ് ഇന്ത്യയുടെ സത്തയെന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗവത്. ലോകത്ത് മുസ്ലീങ്ങൾ ഏറ്റവും സന്തോഷത്തോടെ ജീവിയ്ക്കുന്നത് ഇന്ത്യയിലാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

' പാകിസ്ഥാന്റെ കാര്യം തന്നെ നോക്കൂ ,അവർ മറ്റ് മതങ്ങളുടെ അനുയായികൾക്ക് അവകാശങ്ങൾ നൽകിയില്ല. മാത്രമല്ല മുസ്ലീങ്ങൾക്കുള്ള പ്രത്യേക രാജ്യമായി പാകിസ്ഥാൻ മാറി. ഇന്ത്യൻ ഭരണഘടന ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ എന്ന് പറഞ്ഞിട്ടില്ല. എല്ലാവർക്കും നമ്മൾ ഇടം നൽകി. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം.ആ സ്വഭാവത്തെ ഹിന്ദു എന്ന് വിളിക്കുന്നു.'-അദ്ദേഹം പറഞ്ഞു.

അതേസമയം ഏതെങ്കിലും തരത്തിലുള്ള വർഗീയതയും വിഘടനവാദവും പ്രചരിക്കുന്നത് സ്വാർത്ഥ താൽപര്യമുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മുഗൾ ചക്രവർത്തിയായ അക്ബറിനെതിരെ പോരാടിയ മേവാർ രാജാവായ മഹാറാണ പ്രതാപിന്റെ സൈന്യത്തിൽ നിരവധി മുസ്ലീങ്ങൾ ഉണ്ടായിരുന്നു.രാജ്യത്തിന്റെ സംസ്‌കാരത്തിന് നേരെ ആക്രമണം ഉണ്ടാകുമ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്നു.'-അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ആർ.എസ്.എസ് മേധാവി മനസു തുറന്നു. ' രാമക്ഷേത്രംകേവലം ആചാരപരമായ ഉദ്ദേശ്യങ്ങൾക്ക് മാത്രമുള്ളതല്ല. ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണത്. ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യവും മൂല്യങ്ങളും തകർക്കുന്നതിനാണ് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടത് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ക്ഷേത്രങ്ങൾ പുനർനിർമിക്കാൻ ഹിന്ദു സമൂഹം ആഗ്രഹിച്ചത്.'- അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനായുള്ള 'ഭൂമി പൂജൻ' ചടങ്ങ് കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്.