
പ്രൈവറ്റ് സ്കൂൾ അദ്ധ്യാപരുടെ കൊവിഡ് കാലത്തെ ഇപ്പോഴത്തെ അവസ്ഥയാണ് ഇൗ കത്ത്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഈ ടീച്ചേഴ്സിനെ സ്കൂൾ മാനേജ്മെന്റ് പല രീതിയിലാണ് ചൂഷണം ചെയ്യുന്നത്.
രക്ഷിതാക്കളിൽ നിന്നും മുഴുവൻ ഫീസും വാങ്ങി ടീച്ചേഴ്സിന് ഓൺലൈൻ ടീച്ചിങ്ങിന്റെ പേരിൽ പകുതി ശമ്പളമാണ് നൽകുന്നത്. അതും കൃത്യമായി നൽകാറില്ല.
ഈ പകുതി ശമ്പളത്തിൽ നിന്നും പി. ഫും ഇ.എസ്.ഐ.യും പിടിച്ചിട്ട് കിട്ടുന്നതോ മൊബൈൽ റീചാർജിനു പോലും തികയില്ല. ഈ അവസരത്തിൽ ഞങ്ങൾ എങ്ങനെയാണ് കുടുംബം പുലർത്തേണ്ടത് ?
പലരും ജോലി ഉപേക്ഷിക്കാത്തത് ഗതികേടുകൊണ്ടാണ്. റെഗുലർ ക്ലാസിനെക്കാൾ വളരെയധികം ബുദ്ധിമുട്ടും മാനസിക സംഘർഷവുമാണ് ഞങ്ങൾ നേരിടുന്നത്. പല അദ്ധ്യാപർക്കും രക്തസമ്മർദ്ദവും മാനസിക പിരിമുറുക്കവും ഉണ്ട്്. സർക്കാർ ടീച്ചേഴ്സ് 40000 ഉം 50000 ഉം ശമ്പളം വാങ്ങുന്ന സ്ഥാനത്താണ് ഞങ്ങൾക്ക് 3000 ത്തിനും 4000 ത്തിനും ജോലി ചെയ്യേണ്ടി വരുന്നത്. ഞങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള നീതി ഈ സർക്കാറിൽ നിന്നും ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.
കെ.വി അജിത,
ഇടയാറന്മുള
പൊലീസിനെ നിയമിക്കുമ്പോൾ
ശ്രദ്ധിക്കേണ്ടത്
പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമാണ് പൊലീസിനു വേണ്ടതെന്ന് മുമ്പൊരിക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
കേരള പൊലീസിൽ മഹാഭൂരിപക്ഷവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണത്രെ. ഇവരിൽ നല്ലൊരു പങ്കും സമൂഹത്തോടുള്ള ഉത്തരവാദിത്വം നന്നായി നിർവഹിക്കണമെന്ന് ആഗ്രഹമുള്ളവരുമാകാം. മനസുവച്ചാൽ ഏതു കൊലകൊമ്പനേയും പിടികൂടാനുള്ള വൈഭവം കേരള പൊലീസിനുണ്ടെന്ന് സമീപകാലത്തെ പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒരു ന്യൂനപക്ഷം തികച്ചും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കൂട്ടരാണ് പൊലീസ് സേനയുടെ പേര് ചീത്തയാക്കുന്നത്. ഇനി പൊലീസ് സേനയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ഉദ്യോഗാർത്ഥിയുടെ സാംസ്കാരിക പശ്ചാത്തലം കൂടി പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
ആരെ രക്ഷിക്കാൻ
വിവാദങ്ങളുടെ ഘോഷയാത്രയെന്ന വിശേഷണത്തോടെ 'എഴുതിത്തള്ളേണ്ട കേസല്ല അത്" എന്ന കേരളകൗമുദി മുഖപ്രസംഗം, വിദ്യാഭ്യാസത്തിന്റെ മഹത്വം മനസിലാക്കിയവരെല്ലാം വായിച്ചിരുന്നെങ്കിൽ...!
മാർക്ക് ലിസ്റ്റ് തിരുത്തലിലൂടെ കുപ്രസിദ്ധി നേടിയ കേരള സർവകലാശാല 18 വർഷങ്ങൾക്ക് മുമ്പ് നടന്ന മറ്റൊരു ക്രമക്കേടിന്റെ എഴുതിത്തള്ളലിന് ഹൈക്കോടതിയോട് അപേക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണ്?
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇന്ത്യയുടെ മഹത്തായ പ്രതിരോധ സേനയിൽ നിന്നും പഠിച്ച് നേടിയ ഐ.എ.എഫ് കോർപ്പറൽ എഡ്യൂക്കേഷൻ ടെസ്റ്റ് യോഗ്യത, ഇന്ത്യയിലെ തലയെടുപ്പുള്ള 13 യൂണിവേഴ്സിറ്റികൾ ഉന്നത വിദ്യാഭ്യാസത്തിന് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ കേരള സർവകലാശാല അംഗീകരിക്കുവാൻ തയ്യാറായിട്ടില്ല.
യുവത്വം രാജ്യസേവനത്തിന് സമർപ്പിച്ചവർക്ക് കേരളത്തിലും പഠിക്കാൻ അനുവാദം കൊടുക്കരുതോയെന്ന് 1999 ജൂൺ 15-ാം തീയതി ഡയറക്ടറേറ്റ് ഒഫ് എഡ്യൂക്കേഷൻ, എയർ ഹെഡ് ക്വാർട്ടേഴ്സ്, ന്യൂഡൽഹി കേരള സർവകലാശാല രജിസ്ട്രാർക്ക് അയച്ച കത്തിന് നാളിതുവരെയായി തൃപ്തികരമായ ഒരു മറുപടി പോലും അയയ്ക്കാത്തതെന്താണെന്ന് ആര് ആരോട് ചോദിക്കുവാനാണ്?
ശശി കെ. വെട്ടൂർ, കല്ലമ്പലം