drdo

ന്യൂഡൽഹി: ചൈനയുമായി ലഡാക്കിലും അതിർത്തിയിലും തുടരുന്ന ശക്തമായ പ്രതിരോധ നടപടികൾക്കിടെ ഉഗ്ര പ്രഹരശേഷിയുള‌ള ആയുധങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. കഴിഞ്ഞ മാസത്തിൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ആറോളം ഉഗ്രശേഷിയുള‌ള ആയുധങ്ങളാണ് പരീക്ഷിച്ചത്.

സെപ്‌തംബർ 7ന് ഹൈപ്പർസോണിക് ടെക്‌നോളജി ഡെമോൺസ്‌ട്രേ‌റ്റർ വെഹിക്കിൾ പരീക്ഷിച്ചു,​ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സെപ്‌തംബർ 30ന് പരീക്ഷിച്ചു. ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ 23നും ഒക്‌ടോബർ 1 നും പരീക്ഷിച്ചു. ന്യൂക്ളിയർ വേഥ ശൗര്യ മിസൈൽ ഒക്‌ടോബർ 3നും സ്‌മാർട്ട് ടോർപിഡോ ഒക്‌ടോബർ അഞ്ചിനും പരീക്ഷിച്ചു. രുദ്രം എന്ന റേഡിയേഷൻ പ്രതിരോധ മിസൈലും പരീക്ഷിച്ചിട്ടുണ്ട്.

മ‌റ്റ് ചില ആയുധങ്ങൾ പരീക്ഷിക്കാനും ഇന്ത്യ തയ്യാറാകുകയാണ്. 800 കിലോമീ‌റ്റർ ദൂരപരിധിയിൽ വരെ ശക്തമായ ആക്രമണം നടത്താവുന്ന 'നിർഭയ്' ക്രൂയിസ് മിസൈലും ആന്റി റേഡിയേഷൻ മിസൈലുകളിൽ പുത്തൻ തലമുറയിലെ 'രൗദ്രം' ഇന്നലെ പരീക്ഷിച്ചു. ശത്രുരാജ്യങ്ങളുടെ റഡാർ,​നീരീക്ഷണ സംവിധാനങ്ങൾ നിമിഷനേരം കൊണ്ട് തകർക്കാൻ കഴിയുന്ന രൗദ്രം ഒഡീഷയിലെ ബാലാസോർ ഐടിആറിൽ നിന്ന് രാവിലെ പത്തരയോടെയാണ് പരീക്ഷണം നടത്തിയത്. സുഖോയ് വിമാനത്തിൽ നിന്നാണ് ഇവ വിക്ഷേപിക്കുക.

മ‌റ്റ് മിസൈലുകളെക്കാൾ ഒരുകിലോമീ‌റ്റർ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് ടെക്‌നോളജി ഡെമോൺസ്‌ട്രേ‌റ്റർ വെഹിക്കിൾ, അഗ്നി മിസൈൽ ബൂസ്‌റ്റർ ഉപയോഗിച്ചായിരുന്നു പരീക്ഷിച്ചത്. ഒഡീഷയിലെ ബാലാസോറിൽ എ.പി.ജെ അബ്‌ദുൾകലാം ടെസ്‌റ്റിംഗ് റേഞ്ചിൽ നിന്നായിരുന്നു ഇതിന്റെ പരീക്ഷണം. അടുത്ത അഞ്ച് വർഷത്തിനകം മ‌റ്റുള‌ളവയെക്കാൾ രണ്ട് കിലോമീ‌റ്റർ അധികം വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് ടെക്‌നോളജി ഡെമോൺസ്‌ട്രേ‌റ്റർ വെഹിക്കിൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഡി.ആർ.ഡി.ഒ.

വ്യത്യസ്‌ത പ്ളാ‌റ്റ്ഫോമുകളിൽ നിന്ന് ലോഞ്ച് ചെയ്‌താലും ശത്രുക്കൾക്ക് നാശം വിതയ്ക്കാൻ ശേഷിയുള‌ള ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സെപ്‌തംബർ 23ന് ഇന്ത്യ പരീക്ഷിച്ചു. അഹമ്മദാബാദ് കെകെ റേഞ്ചസിൽ എംബിടി ടാങ്കറിൽ നിന്നാണ് ഈ ലേസർ ഗൈഡഡ് മിസൈൽ പരീക്ഷിച്ചത്.

യുദ്ധകപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പറക്കുകയും ചെയ്യുന്നതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. 400 കിലോമീ‌റ്ററോളം സഞ്ചാരശേഷി ഉള‌ളതാണ് ഈ മിസൈൽ. ഒഡീഷയിലെ ബാലാസോറിൽ വച്ചായിരുന്നു ഇതിന്റെ പരീക്ഷണം.

ഇന്ത്യയുടെ പരമ്പരാഗത ആയുധങ്ങളും അണുവായുധങ്ങളും വഹിക്കാൻ ശേഷിയുള‌ളതാണ് ശൗര്യ മിസൈൽ. ശത്രുലക്ഷ്യത്തോട് അടുക്കുമ്പോൾ ഹൈപ്പർസോണിക് വേഗം കൈവരിക്കുന്ന മിസൈൽ നിർമ്മിച്ചത് ഡി.ആർ.ഡി.ഒ ആണ്.

മുങ്ങിക്കപ്പലുകളെ വരെ ആക്രമിക്കാൻ ശേഷിയുള‌ളതാണ് സ്‌മാർട്ട് ടോർപിഡോ. ഒക്‌ടോബർ 5നാണ് ഇതിന്റെ പരീക്ഷണം നടന്നത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നാണ് ഇതിന്റെ പരീക്ഷണം നടന്നത്. അതിർത്തിയിലെ ചൈനയുടെയും പാകിസ്ഥാന്റെയും വെല്ലുവിളികളെ ഒരുപോലെ നേരിടാൻ പ്രാപ്‌തിയുള‌ളതാണ് ഈ ടോർപിഡോ. ആയുധങ്ങളുടെ വിജയകരമായ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സംഘർഷങ്ങളിൽ വ്യക്തമായ നിലപാട് മ‌റ്റ് രാജ്യങ്ങൾക്ക് നൽകിയിരിക്കുന്നത്.