
രണ്ടാംക്ലാസിൽ കണക്ക് പഠിപ്പിക്കുകയായിരുന്നു ആ ടീച്ചർ. മുൻബഞ്ചിലിരുന്ന ഒന്നാമത്തെ കുട്ടിയോട് ടീച്ചർ വളരെ നിസാരമായ ഒരു ചോദ്യം ചോദിച്ചു.
''മോനേ! ഞാൻ നിനക്ക് ഈ കൈയിൽ രണ്ടുമാങ്ങയും മറ്റേ കൈയിൽ രണ്ടു മാങ്ങയും തരുന്നു എന്നിരിക്കട്ടെ. ആകെ എത്രമാങ്ങയുണ്ട് നിന്റെ കൈയിൽ? ""
കുട്ടി നിഷ്കളങ്കമായി നിസാരമായി ഉത്തരം പറഞ്ഞു:
'' അഞ്ചുമാങ്ങയുണ്ട് ടീച്ചർ.""
ടീച്ചർ അത്ഭുതപ്പെട്ടുപോയി. മിടുക്കനാണെന്ന് കരുതിയ ഈ കുട്ടിക്ക് നിസാരമായ ഈ കണക്കുപോലും അറിയില്ലല്ലോ? കഷ്ടമായിപ്പോയി.
ടീച്ചർ വീണ്ടും വിരലുകൾ നിവർത്തി ഒരു മാങ്ങ, രണ്ടു മാങ്ങ എന്നിങ്ങനെ നാലുവിരലുകളും നിവർത്തികാണിച്ചു.
എന്നിട്ട് ചോദിച്ചു
''ഇപ്പോൾ എത്രയുണ്ട്?""
'' അഞ്ചുമാങ്ങയുണ്ട് ടീച്ചർ.""
വീണ്ടും അതേ ഉത്തരം കേട്ടപ്പോൾ ടീച്ചർക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു. എങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ മറ്റൊരു ഉദാഹരണം പറഞ്ഞു.
'' ശരി! ഞാൻ നിനക്ക് ഈ കൈയിൽ രണ്ട് ചോക്ളേറ്റും മറ്റേ കൈയിൽ രണ്ടുചോക്ലേറ്റും തരുന്നു. എങ്കിൽ ആകെ എത്ര ചോക്ലേറ്റുണ്ട്?""
''നാലു ചോക്ലേറ്റ്.""
'' ഹോ! ""ആശ്വാസമായി ടീച്ചർക്ക്. ഇപ്പോഴെങ്കിലും ഈ കുട്ടിക്ക് മനസിലായല്ലോ എന്ന് അവർ വിചാരിച്ചു.
''ഓകെ. എങ്കിൽ പറയൂ രണ്ടുകൈയിലും രണ്ടുമാങ്ങ വീതം തന്നാൽ ആകെ എത്രമാങ്ങയുണ്ട്? ""
''ടീച്ചർ അഞ്ചുമാങ്ങ.""
ഇതോടെ ടീച്ചറിന്റെ നിയന്ത്രണം പോയി. അവർ അവന്റെ ചെവിക്ക്  പിടിച്ച് കറക്കിക്കൊണ്ട് ചോദിച്ചു.
''എടാ കഴുതേ നാലുമാങ്ങ തന്നാൽ അതെങ്ങനെയാണ് അഞ്ചാകുന്നത്? ""
'' ടീച്ചർ ഒരു മാങ്ങ എന്റെ ബാഗിലുണ്ട്. അതുകൊണ്ടാണ് ആകെ അഞ്ചുമാങ്ങ എന്റെ കൈയിലുണ്ടെന്ന് പറഞ്ഞത്.""
ടീച്ചർക്ക് കുറ്റബോധം തോന്നി. അവനെ ആശ്വസിപ്പിച്ചു. ഒരാളെ മനസിലാക്കുന്നത് എത്രമാത്രം സങ്കീർണമാണെന്ന് ഈ കഥ വ്യക്തമാക്കുന്നു. ആരെയും നമ്മുടെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോൾ ഇത്തരം അബദ്ധങ്ങൾ ഉണ്ടായേക്കാം. മറ്റൊരാളുടെ വീക്ഷണകോൺ കൂടി ഉൾക്കൊണ്ടു മാത്രമേ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കാവൂ എന്നതാണ് ഇതിന്റെ പാഠം. നാമെടുക്കുന്ന തീരുമാനങ്ങളോ നമുക്കുവേണ്ടി ഭരണകൂടം ഉൾപ്പെടെയുള്ളവർ എടുക്കുന്ന തീരുമാനങ്ങളോ ആണ് നമ്മുടെ ഭാഗധേയം നിർണയിക്കുക. നിർണായക ഘട്ടങ്ങളിൽ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം.
ഏകപക്ഷീയവും ആത്മനിഷ്ഠവുമായ നയങ്ങളും അഭിപ്രായങ്ങളുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഒരു കാര്യത്തെക്കുറിച്ച് എല്ലാവശങ്ങളും സമഗ്രമായി പഠിക്കാതെ എടുക്കുന്ന തീർപ്പുകൾ വ്യക്തിനിഷ്ഠമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. കുറേക്കാലും കഴിയുമ്പോഴാണ് അത് തെറ്റായിരുന്നു എന്ന് മനസിലാവുകയ പക്ഷേ അപ്പോഴേക്കും അപരിഹാര്യമായ ദോഷഫലങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിക്കും.
ഒരു കാര്യം കണ്ടാലോ, കേട്ടാലോ അറിഞ്ഞാലോ അതിന്റെ എല്ലാവശങ്ങളും പരിശോധിക്കുന്ന ശീലം ചെറുപ്പം മുതലേ വളർത്തിയെടുക്കുന്നു. ഒരു വാർത്തകേട്ടാൽ അത് സത്യമാണോ എന്നും ഒരു പ്രസ്താവന കണ്ടാൽ അത് യുക്തിഭദ്രമാണോ എന്നു ചിന്തിക്കണം. സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ യാതൊരുവിധ വിലയിരുത്തലിനും വിധേയമാകാതെയാണ് പലരും പങ്കുവയ്ക്കുന്നത്. അസത്യങ്ങളും അർദ്ധസത്യങ്ങളും അതിശയോക്തികളുമൊക്കെ അങ്ങനെ വൈറൽ ആവുകയും ചെയ്യും. ഇതിനു തുടക്കമിട്ട വ്യക്തി തനിക്ക് കിട്ടിയ വിവരത്തിന്റെ ഉറവിടവും ആധികാരികതയും സമഗ്രമായി വിലയിരുത്താറില്ല.
വസ്തുതകൾ മനസിലാക്കാതെയുള്ള ചില പ്രസ്താവനകൾ എന്തൊക്കെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക! എത്രയോ നല്ല സൗഹൃദങ്ങൾ ഇങ്ങനെ നഷ്ടപ്പെടുന്നുണ്ട്.
സദാചാരപൊലീസിംഗ് പോലും ചിലപ്പോൾ ഇത്തരം ഏകപക്ഷീയമായ വിലയിരുത്തലിന്റെ ഫലമായാണ് സംഭവിക്കുക. വളരെ സുതാര്യമായ അന്തസുറ്റ സ്ത്രീപുരുഷ സൗഹൃദങ്ങൾ പോലും 'കിംവദന്തികൾക്കും" വിമർശനങ്ങൾക്കും വിധേയമാക്കുന്ന ഒരു മനോഭാവം നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ശക്തമാണ്. വ്യക്തിനിഷ്ഠവും ഏകപക്ഷീയവുമായ വിലയിരുത്തലാണ് ഇതിന് കാരണം.
അതുകൊണ്ട് എന്തുകണ്ടാലും കേട്ടാലും അതിന്റെ മറുവശം കൂടി അറിയാനുള്ള ഒരു സന്നദ്ധത എപ്പോഴും ഉണ്ടാവണം. അത് ബോധപൂർവം വളർത്തിയെടുക്കാൻ കഴിയണം. എങ്കിൽമാത്രമേ എല്ലാകാര്യങ്ങളും നമ്മുടെ താത്പര്യങ്ങൾക്കനുസരിച്ചുമാത്രം വ്യാഖ്യാനിക്കുന്ന സ്വഭാവത്തിന് മാറ്റമുണ്ടാവുകയുള്ളൂ. യാഥാർത്ഥ്യബോധത്തോടെയും യുക്തിഭദ്രമായും പ്രതിപക്ഷ വീക്ഷണ കോണിലൂടെയും കാര്യങ്ങൾ വിലയിരുത്താനും ഉൾക്കൊള്ളാനും കഴിയുക എന്നത് നിസാരമല്ല. പക്ഷേ അത് ജീവിത നൈതികതയിലേക്കുള്ള നേർവഴിയാണ്.