
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം രഞ്ജിത്-സിബി മലയിൽ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു. ആസിഫ് അലിയാണ് സിനിമയിലെ നായകൻ. സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമാണ്. ഇന്നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുകയെന്ന് രഞ്ജിത് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സെപ്റ്റംബർ നാലിനായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ഹേമന്ത് കുമാർ ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ. റോഷന് മാത്യു പ്രധാന റോളിലെത്തുമെന്നാണ് സൂചന.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
10 - 10 - 20-20
ഇന്ന് നമ്മൾ രേഖപ്പെടുത്തുന്നതെല്ലാം അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഈ തീയ്യതിയിലാവും കാലം കാത്തുസൂക്ഷിക്കുക. ഈ അപൂർവ്വ ദിനത്തിൽ 'കൊത്ത്' തുടങ്ങുകയാണ്.
മലയാളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ശ്രീ സിബി മലയിൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ഞാനും സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ നിർമിക്കുന്നു.
നാടക രംഗത്ത് നിന്നും ലോഹിയെ കണ്ടെടുത്ത സിബി അരങ്ങിൽ നിന്നും പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു, ഹേമന്ദ്കുമാറിലൂടെ. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് രഞ്ജിത്ത്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.