indian-rupee

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാൻ പ്രധാനമന്ത്രിയുടെ ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി ധനമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക എം.എസ്.എം.ഇ വായ്‌പാ അനുമതി 1.87 ലക്ഷം കോടി രൂപ കവിഞ്ഞു. 50.7 ലക്ഷം സംരംഭങ്ങൾക്കായി ഈമാസം അഞ്ചുവരെയുള്ള കണക്കുപ്രകാരം 1,87,579 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതിൽ 27 ലക്ഷം സംരംഭങ്ങൾക്കായി 1.36 ലക്ഷം കോടി രൂപയാണ് ഇതിനകം വിതരണം ചെയ്‌തത്. 12 പൊതുമേഖലാ ബാങ്കുകൾ, 24 സ്വകാര്യ ബാങ്കുകൾ, 31 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) എന്നിവ മുഖേനയാണ് വിതരണം. പൊതുമേഖലാ ബാങ്കുകൾ ഇതുവരെ 81,648.82 കോടി രൂപ അനുവദിച്ചു; ഇതിൽ 68,814.43 കോടി രൂപ വിതരണം ചെയ്‌തു.

86,576 കോടി രൂപയുടെ വായ്പാനുമതി നൽകിയ സ്വകാര്യ ബാങ്കുകൾ ഇതിനകം വിതരണം ചെയ്‌തത് 59,740 കോടി രൂപ. എൻ.ബി.എഫ്‌.സികൾ 3,032 കോടി രൂപ അനുവദിക്കുകയും 2,227 കോടി രൂപ വിതരണം ചെയ്യുകയും ചെയ്‌തു.

₹3 ലക്ഷം കോടി പാക്കേജ്

നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) മുഖേനയാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക വായ്‌പാ പദ്ധതി ധനമന്ത്രാലയം നടപ്പാക്കുന്നത്.

 100 ശതമാനം ഈടുരഹിതമാണ് വായ്‌പ.

 2020 ഫെബ്രുവരി 29 പ്രകാരം പരമാവധി 50 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ് ബാക്കിയുള്ളവരും 2019-20 പ്രകാരം 250 കോടി രൂപവരെ വിറ്റുവരവുള്ളവരുമാണ് യോഗ്യർ.

 നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം വരെ വായ്‌പ ലഭിക്കും

9.25%

നാലു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. മുതലിന് ആദ്യ 12 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകളിൽ പലിശ 9.25 ശതമാനം. എൻ.ബി.എഫ്.സികളിൽ 14 ശതമാനം.

ഇവർ അർഹർ

ജി.എസ്.ടി രജിസ്‌ട്രേഷനുള്ള പ്രൊപ്രൈറ്റർഷിപ്പ്, പാർട്‌ണർഷിപ്പ്, രജിസ്‌റ്റർ ചെയ്‌ത കമ്പനികൾ, ട്രസ്‌റ്റുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പുകൾ (എൽ.എൽ.പി).

കേരളത്തിന്

₹2,697 കോടി

ഇ.സി.എൽ.ജി.എസ് പദ്ധതിയിലൂടെ കേരളത്തിലെ 1.36 ലക്ഷം സംരംഭകർക്കായി ഇതിനകം ബാങ്കുകൾ 2,697.24 കോടി രൂപ അനുവദിച്ചു. 1.01 ലക്ഷം പേർക്കായി 2,410.81 കോടി രൂപ ഇതിനകം വിതരണം ചെയ്‌തു. 1.91 ലക്ഷം സംരംഭകർക്കായി 7,438 കോടി രൂപ നേടിയ മഹാരാഷ്‌ട്രയാണ് ഒന്നാംസ്ഥാനത്ത്.

₹20,549 കോടി

ഏറ്റവുമധികം തുക പദ്ധതിയിലൂടെ വിതരണം ചെയ്‌തത് എസ്.ബി.ഐയാണ്; 20,549 കോടി രൂപ. 2.99 ലക്ഷം അക്കൗണ്ടുടമകൾക്ക് പ്രയോജനം ലഭിച്ചു.