
1. ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന വെങ്കല ശില്‍പ്പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 44ാം വയലാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഡോ.കെ.പി മോഹനന്‍, ഡോ.എന്‍.മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ ആയിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍.
2. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ് . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നു. സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തും ആണ് ചോദ്യം ചെയ്യുന്നത്, രാവിലെ പത്ത് മണിയോടെ ആണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത് . തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലെ പതിനൊന്ന് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് വീണ്ടും ഹാജരാകണം എന്ന് കസ്റ്റംസ് എം ശിവശങ്കറനോട് ആവശ്യപ്പെടുക ആയിരുന്നു. പത്തരയോടെ ആണ് എം ശിവശങ്കര്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. കസ്റ്റംസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ ആണ് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എ. ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇത് വരെ കസ്റ്റംസിന് കിട്ടിയിരുന്നില്ല.
3. റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ 4 ജയില്‍ ജീവനക്കാര്‍ക്ക് എതിരെ കേസ്. തൃശൂര്‍ എ.സി.പിക്ക് അന്വേഷണ ചുമതല. മരണകാരണം മര്‍ദ്ദനം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുത്തന്‍ വീട്ടില്‍ ഷെമീറാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. ഇയാളുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. നെഞ്ചില്‍ ഏഴിടത്തു മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ദേഹമാസകലം രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാര്‍ന്നു പോയിട്ടുണ്ട് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ഒന്നിനാണ് ഷെമീര്‍ മരിച്ചത്. സെപ്തംബര്‍ 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോള്‍ അക്രമാസക്തന്‍ ആയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അബോധാവസ്ഥയില്‍ ആണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
4. ലൈഫ് മിഷന്‍ ക്രമക്കേടില്‍ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തും. വിജിലന്‍സില്‍ നിന്ന് സന്തോഷ് ഈപ്പന്‍ വസ്തുതകള്‍ മറച്ചുവച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കണ്ട കാര്യം സന്തോഷ് ഈപ്പന്‍ വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചു എന്നാണ് കണ്ടെത്തി ഇരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 2 ന് സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം ശിവശങ്കറിനെ കണ്ടിരുന്നു എന്നാണ് സന്തോഷ് ഈപ്പന്‍ ഇ.ഡി ക്കു നല്‍കിയ മൊഴി. ഇക്കാര്യം പക്ഷേ വിജിലന്‍സില്‍ നിന്നും മറച്ചു വച്ചു. ഈ ദിവസമാണ് കമ്മീഷന്‍ കൈമാറിയത് എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയും ആയി ബന്ധപ്പെട്ട് സ്വര്‍ണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെ വിജിലന്‍സ് ഇന്നലെ ചോദ്യം ചെയ്തു.
5. ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ ലഭിച്ച യുണിടാക്കിലെ ജീവനക്കാരന്‍ ആയിരുന്നു യദു. സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാന്‍ സഹായിച്ചത് യദുവാണ് എന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല കരാര്‍ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നല്‍കിയി എന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്തത്. സന്ദീപിന് ലഭിച്ച കമ്മീഷനില്‍ നിന്നും തനിക്കുള്ള വിഹിതം നല്‍കി എന്നാണ് യദുവിന്റെ മൊഴി എന്നാണ് സൂചന. പക്ഷേ കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞു എന്നാണ് വിവരം. വടക്കാഞ്ചേരിയില്‍ നിര്‍മ്മാണം നടക്കുന്ന ഫ്ളാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
6. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി മണിക്കൂറുകള്‍ക്ക് അകം ആന്ധ്രാ- ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുക്കൂട്ടല്‍. നിലവില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ ആന്‍ഡമാന്‍, ഒഡീഷ, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവടങ്ങളിലേക്ക് മീന്‍പിടിക്കാന്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്.