laxmivilas

വലുപ്പത്തിന്റെ കാര്യത്തിൽ ബ്രീട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമായ ബക്കിംഗ്ഹാം കൊട്ടാരത്തെ കടത്തിവെട്ടുന്ന ഒരു ഒരു വലിയ വസതിയുണ്ട്. ഗുജറാത്തിലെ ലക്ഷ്മി വിലാസ് പാലസ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്നറിയപ്പെടുന്നതും ലക്ഷ്മി വിലാസ് പാലസാണ്. ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലുപ്പത്തിലാണ് ലക്ഷ്മി വിലാസ് പാലസ് വ്യാപിച്ചു കിടക്കുന്നത്.

പേരിൽ പാലസ് ഉണ്ടെങ്കിലും ഇതിനെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. പഴയ ബറോഡയിലെ പ്രമുഖ മറാത്ത കുടുംബത്തിന്റേതാണ് ഈ കൊട്ടാരം. ഗെയ്ക് വാദ് കുടുംബാംഗമായ സായാജിറാവു ഗെയ്ക് വാദ് മൂന്നാമനാണ് 1890ൽ ലക്ഷ്മി വിലാസ് കൊട്ടാരം നിർമ്മിച്ചത്. തലമുറകൾ കൈമാറി വന്ന ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശി സ്മാർജിത്ത് സിംഗ് ഗെയ്ക് വാദ് ആണ്. അദ്ദേഹവും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

170 മുറികളാണ് ഈ കൊട്ടാരത്തിൽ ആകെയുള്ളത്. കൊട്ടാരം നിർമ്മിച്ച സമയത്ത് മഹാരാജാവും ഭാര്യയുമായിരുന്നു ഇവിടുത്തെ താമസക്കാർ. 1878ൽ തുടങ്ങിയ കൊട്ടാര നിർമ്മാണം നീണ്ട 12 വർഷങ്ങളെടുത്താണ് പൂർത്തിയാക്കിയത്. അക്കാലത്തെ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ഇതിന്റെ നിർമ്മാണം. നീണ്ട 130 വർഷങ്ങളായി കൊട്ടാരം ഇന്നും തലയുയർത്തി നിൽക്കുന്നു.

ഇന്തോ-സാർസെനിക് വാസ്തുവിദ്യയനുസരിച്ചാണ് ഈ പാലസ് പണികഴിപ്പിച്ചത്. മേജർ ചാൾസ് മാന്റ് ആയിരുന്നു ഇതിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ ഇവിടുത്തെ പ്രധാന ആർകിടെക്റ്റ്.

ആകെ 700 ഏക്കർ സ്ഥലത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മി വിലാസ് കൊട്ടാരത്തെ കൂടാതെ വേറെയും രണ്ട് കൊട്ടാരങ്ങൾ ഇവിടെയുണ്ട്. മോട്ടിരാജാ പാലസും മഹാരാജാ ഫത്തേസിംഗ് മ്യൂസിയവും. ഇതിൽ മ്യൂസിയം ആദ്യ കാലത്ത് മഹാരാജാവിന്റെ കുട്ടികളുടെ സ്കൂളായിരുന്നു. ഇപ്പോഴവിടെ അതിവിശിഷ്ടങ്ങളായ പെയിന്റിംഗുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മോട്ടിബാദ് പാലസ് അന്നത്തെ ബ്രിട്ടീഷ് ആർകിടെക്റ്റിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ഇപ്പോഴവിടം ഒരു ക്രിക്കറ്റ് സ്റ്റേഡിയമായി. നിർമ്മാണത്തിനാവശ്യമായ വെട്ടുകല്ല് കൊണ്ടുവന്നത് ആഗ്രയിൽ നിന്നും ട്രാപ് സ്റ്റോൺ ക‍ൊണ്ടുവന്നത് പൂനയിൽ നിന്നുമാണ്. മാർബിൾ ഇറ്റലിയിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് ഇവിടേയ്ക്ക് കൊണ്ടുവന്നത്.

ക‍ൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപൂർവ്വമായ പല ആഢംബരവസ്തുക്കളും കാണാൻ കഴിയും. 1890ൽ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോഴേക്കും ഏകദേശം 1,80,000 ബ്രിട്ടീഷ് പൗണ്ട് ആണ് നിർമ്മാണത്തിനായി ചെലവഴിച്ചത്. 27,00,000 രൂപയാണ് അന്നത്തെ മൂല്യത്തിലുള്ള ഇന്ത്യൻ തുക.