supreme-court

ന്യൂഡൽഹി: മോറട്ടോറിയം നേടിയ വായ്‌പകൾക്ക് ഇതിനകം അനുവദിച്ച ഇളവുകളിൽ കൂടുതലൊന്നും നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മോറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുന്നതിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സമർപ്പിച്ച വിശദ സത്യവാങ്‌മൂലത്തിലാണ് ഇതു പറഞ്ഞത്.

മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെയുള്ള വായ്‌പാ തിരിച്ചടവിനാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ വായ്‌പ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകൾ പറഞ്ഞിരുന്നു. ഇതിനെതിരായ വാദം നടക്കവേയാണ്, രണ്ടു കോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്നും ബാങ്കുകൾക്കുണ്ടാകുന്ന ബാദ്ധ്യത (ഏകദേശം 7,000 കോടി രൂപ) വഹിക്കാമെന്നും കേന്ദ്രം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.

എം.എസ്.എം.ഇ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, ഉപഭോക്തൃ വായ്‌പ, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവയ്ക്കാണ് കേന്ദ്ര തീരുമാനം ബാധകം.

എന്നാൽ, കേന്ദ്ര തീരുമാനത്തിൽ റിയൽ എസ്‌റ്റേറ്റ്, കാർഷികം ഉൾപ്പെടെ കൊവിഡിൽ പ്രതിസന്ധിയിലായ ഒട്ടേറെ മേഖലകളെ പരാമർശിക്കുന്നിലെന്ന് ക്രെഡായ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്, വിവിധ മേഖലകൾക്കായി സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.

ബാങ്കുകൾ, വിവിധ മേഖലകൾ എന്നിവയുമായി ചർച്ച ചെയ്‌താണ് രണ്ടുകോടി രൂപവരെയുള്ള വായ്‌പകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചതെന്ന് പുതിയ സത്യവാങ്‌മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. ഗരീബ് കല്യാൺ യോജന, ആത്മനിർഭർ പാക്കേജ് എന്നിവയിലൂടെ ഇതിനകം 21.7 ലക്ഷം കോടി രൂപയുടെ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ നൽകാനാവില്ലെന്നും വ്യക്തമാക്കി. 13ന് വീണ്ടും വാദം കേൾക്കും.

കോടതി ഇടപെടരുത്

സാമ്പത്തിക നയ രൂപീകരണം സർക്കാരിന്റെ ചുമതലയാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടു കോടി രൂപവരെയുള്ള വായ്‌പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് വൈകുന്നത് എന്തെന്ന കോടതിയുടെ ചോദ്യത്തിന്, ഉത്തരവുകളും സർക്കുലറുകളും ഇറക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്ന കാര്യമായതിനാൽ, ആദ്യം എക്‌സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയും തുടർന്ന് കാബിനറ്റും പരിശോധിച്ച ശേഷമേ ഉത്തരവ് പുറത്തിറക്കാനാകൂ. ബഡ്‌ജറ്റ് ഇതര ചെലവായതിനാൽ, പാർലമെന്റിന്റെ അനുമതിയും വാങ്ങണം.

മോറട്ടോറിയം നീട്ടില്ല:

റിസർവ് ബാങ്ക്

മാർച്ച്-ആഗസ്‌റ്റ് കാലയളവിലേക്കായി ഏർപ്പെടുത്തിയ മോറട്ടോറിയം നീട്ടാനാവില്ലെന്ന് പുതുക്കിയ സത്യവാങ്‌മൂലത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കി. നീട്ടിയാൽ വായ്‌പാ അച്ചടക്കത്തെ ബാധിക്കും. 26 മേഖലകളിലെ വായ്‌പാ പുനഃക്രമീകരണത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി. കാമത്ത് കമ്മിറ്റിയുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. മോറട്ടോറിയം വാദത്തിൽ അന്തിമ ഉത്തരവ് വരുന്നതുവരെ വായ്‌പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.