water-taxi

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്‌സി സർവീസ് യാഥാർത്ഥ്യമാകുന്നു. 15 മുതൽ ഇവ ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ ആലപ്പുഴയിൽ നിന്നാണ് വാട്ടർ ടാക്‌സി സർവീസ് നടത്തുക. ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിലും എറണാകുളത്തിനും വൈക്കത്തിനുമിടയിലും കുട്ടനാടൻ മേഖലയിലും ടാക്‌സിയുടെ സേവനം ലഭ്യമാകും. പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വാട്ടർ ടാക്‌സി സർവീസെങ്കിലും തദ്ദേശീയർക്കും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം.

വിളിച്ചാൽ വിളിപ്പുറത്ത്

ആധുനിക സൗകര്യങ്ങളുള്ള നാല് വാട്ടർ ടാക്‌സികളാണ് സർക്കാർ വാങ്ങിയിട്ടുള്ളത്. ഓൺലൈൻ ടാക്‌സികളുടെ മാതൃകയിലാണ് ഇവ പ്രവർത്തിക്കുക. ടാക്‌സി വിളിക്കുന്നതിനായി ജലഗതാഗത വകുപ്പ് ഒരു കേന്ദ്രീകൃത നമ്പർ നൽകും. ബോട്ടുകൾക്ക് പ്രത്യേക റൂട്ട് ഉണ്ടാകില്ല. ബോട്ടുകൾക്കായി ആലപ്പുഴയിൽ സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നാകും യാത്രക്കാർ വിളിക്കുന്നിടത്തേക്ക് എത്തുക. ഒരു മണിക്കൂറിന് നിശ്ചിത നിരക്ക് എന്ന രീതിയിലായിരിക്കും സർവീസ്. ആലപ്പുഴയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗത്തിൽ എത്താൻ ഈ വാട്ടർ ടാക്സികൾ ഉപകരിക്കും.


10 പേർക്ക് സഞ്ചരിക്കാം,​ പാസഞ്ചർ ബോട്ടിന്റെ ഇരട്ടി വേഗം

ഒരു ബോട്ടിൽ 10 പേർക്ക് സഞ്ചരിക്കാനാകും. ഡീസൽ എൻജിനുള്ള ബോട്ടിന്റെ വേഗം മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) ആണ്. ആലപ്പുഴയിൽനിന്ന് ഒരു മണിക്കൂറിനകം കോട്ടയത്ത് എത്താം. സാധാരണ ബോട്ടിന് രണ്ടു മണിക്കൂർ വേണ്ടിടത്താണിത്.

കൊല്ലത്തും വരും

ജലഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി" ബോട്ട് കൊല്ലത്തേക്ക് നീട്ടുന്നുണ്ട്. രണ്ടു മാസത്തിനുള്ളിൽ ബോട്ട് കൊല്ലത്തെത്തും. സ്റ്റീൽ കൊണ്ടുള്ള ഈ ഡബിൾ ഡക്കർ ബോട്ടിൽ 90 യാത്രക്കാർക്ക് സഞ്ചരിക്കാം. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.

വാട്ടർ ടാക്സി

1. ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിംഗിന്റെ മാനദണ്ഡങ്ങളനുസരിച്ചാണ് നിർമ്മാണം

2. വാട്ടർ ടാക്സിയുടെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത് ഫൈബർ ഉപയോഗിച്ച്

3. ചുരുങ്ങിയത് പത്ത് പേർക്ക് ഇരിക്കാനുള്ള സൗകര്യം

4. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോ മീറ്റർ) വേഗത

5. ഓരോ ടാക്സിക്കും പ്രത്യേകം മൊബൈൽ നമ്പരുണ്ടാകും

6. മൊബൈലിൽ ബന്ധപ്പെട്ട് സഞ്ചാരികൾക്ക് ഓട്ടം വിളിക്കാം