
തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്‌മി അറയ്‌ക്കലും നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. നിയമത്തിന് മുന്നിൽ അവർ കീഴടങ്ങുക എന്നതാണ് ശരിയായ വശം. കോടതി നിലപാടിനെ ചോദ്യം ചെയ്യാൻ വനിത കമ്മിഷനില്ല. കമ്മിഷനും കോടതിയുമെല്ലാം നിയമപരമായി നീങ്ങുന്ന സ്ഥാപനങ്ങളാണെന്നും സംസ്ഥാന വനിത കമ്മിഷൻ അംഗം കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
മൂന്നുപേരും ഒളിവിലാണോയെന്ന് അറിയില്ല. അവർ ഒളിവിലാണെന്ന് ഇതുവരെ പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അവർ നിയമം കൈയിലെടുത്തത് തെറ്റാണ്. വനിത കമ്മിഷൻ അവരുടെ നടപടിയെ പിന്തുണയ്‌ക്കുന്നില്ല. വ്യക്തിപരമായി അയാൾക്ക് രണ്ട് തല്ല് കൊള്ളേണ്ടതുണ്ട്. എന്നുകരുതി നിയമം കൈയിലെടുക്കാൻ ആർക്കും അധികാരം തന്നിട്ടില്ല. കൃത്യമായ സമയത്ത് നിയമനടപടി സ്വീകരിക്കാത്ത പൊലീസിനെ കമ്മിഷൻ ശാസിച്ചിട്ടുണ്ടെന്നും ഷാഹിദ കമാൽ വ്യക്തമാക്കി.
നിയമപരമായി കൊടുക്കാവുന്ന സംരക്ഷണം മാത്രമേ കമ്മിഷന് നൽകാൻ കഴിയൂ. നിയമവിരുദ്ധമായി അവർക്ക് സംരക്ഷണം നൽകാനാവില്ല. വനിത കമ്മിഷനിൽ പരാതി നേരത്തെ നൽകിയിരുന്നുവെന്നാണ് ഭാഗ്യലക്ഷ്‌മി പറഞ്ഞത്. കമ്മിഷനിൽ ഇപ്പോൾ കൊവിഡ് കാരണം അദാലത്ത് നടത്താൻ കഴിയുന്നില്ല. അതുകൊണ്ടാണ് പരാതി ശ്രദ്ധയിൽപ്പെടാതെ പോയതെന്നും ഷാഹിദ കമാൽ പറഞ്ഞു.
സ്ത്രീകളെ മോശമായി പരാമർശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്‌ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരും പൊലീസും ജാമ്യാപേക്ഷയെ എതിർക്കുകയും കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയുമായിരുന്നു.