ram-mandir

ലക്‌നൗ: ബിജെപി നേതാവായ എൽ.കെ അദ്വാനിയുടെ രഥയാത്രയോടെ 1990ൽ ശക്തിപ്രാപിച്ച ആവശ്യമാണ് അയോദ്ധ്യയിൽ രാമജന്മ ഭൂമിയിൽ രാമക്ഷേത്രം എന്നത്. ബാബറി മസ്‌ജിദ് തകർക്കപ്പെട്ട് പതി‌റ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ക്ഷേത്ര നിർമ്മാണത്തിന് സുപ്രീംകോടതി അനുമതി നൽകി. അന്ന് അദ്വാനിയോടൊപ്പം രഥയാത്രയിൽ സജീവമായി പങ്കെടുത്ത നരേന്ദ്രമോദി പിന്നീട് പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ ആഗസ്‌റ്റ് 5നാണ് ക്ഷേത്രനിർമ്മാണത്തിനുള‌ള ശിലാന്യാസം നടന്നത്.

modi-ayodhya

ഇപ്പോൾ ക്ഷേത്രത്തിനായി കൊത്തുപണി ചെയ്‌ത് തയ്യാറാക്കിയ കല്ലുകൾ ക‌ർസേവക് പുരത്ത് നിന്നും ക്ഷേത്ര നിർമ്മാണ സ്ഥലത്തേക്ക് മാ‌റ്റി തുടങ്ങി. ഒക്ടോ‌ബർ 15ഓടെ ക്ഷേത്ര നിർമ്മാണം ആരംഭിക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് ഇക്കാര്യം വ്യക്തമാക്കി ട്വീ‌റ്റ് ചെയ്‌തു. നിലവിൽ കൊത്തുപണി ചെയ്‌ത കല്ലുകൾ താഴത്തെ നില പൂർത്തിയാക്കാൻ ഉപയോഗിക്കും.ബാക്കി ആവശ്യങ്ങൾക്കുള‌ള കല്ലുകൾ ക്ഷേത്രനിർമ്മാണ സ്ഥലത്ത് തന്നെ കൊത്തിയെടുക്കും.

നിർമ്മാണം പൂർത്തിയാകുക മൂന്ന് വർഷത്തിനകം

വിവിധ ഘട്ടങ്ങളായാണ് ക്ഷേത്ര നിർമ്മാണം നടക്കുകയെന്ന് ട്രസ്‌റ്റ് അംഗങ്ങൾ അറിയിച്ചു. നിലവിൽ നിർമ്മാണം 2022ഓടെ പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ ട്രസ്‌റ്റ് സെക്രട്ടറിയായ ചംപത് റായി മൂന്ന് വർഷത്തിനകം ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം എന്ന് അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2023 പകുതിയോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. ക്ഷേത്രം പൂർത്തിയാകുന്നതോടെ 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി വാഗ്‌ദാനം ചെയ്‌ത പ്രധാനപ്പെട്ട മ‌റ്റൊരു കാര്യം കൂടി പൂർത്തിയാകും. വാഗ‌്‌ദാനങ്ങൾ പൂർത്തിയാക്കുന്നതോടെ 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ തിരഞ്ഞെടുപ്പുകളെ പോലെ ശക്തമായി വിജയിച്ച് കയറാനാകും എന്ന് ബിജെപിയ്ക്ക് പ്രതീക്ഷിയ്‌ക്കാം.

2019 ലോക്‌സഭ ഇലക്ഷൻ മാനിഫെസ്‌റ്റോ സങ്കൽപ് പത്ര

ബിജെപിയുടെ 2019 ലോക്‌സഭ ഇലക്ഷൻ മാനിഫെസ്‌റ്റോ ആയ 'സങ്കൽപ് പത്ര'യിൽ പറഞ്ഞിട്ടുള‌ള പ്രധാനപ്പെട്ട ഒരു വാഗ്ദാനമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം സൗഹൃദ അന്തരീക്ഷത്തിൽ നടത്തും എന്നത്. ക്ഷേത്ര നിർമ്മാണം ആരംഭിക്കുകയും മുസ്ളിം ആരാധനാലയത്തിന് സ്ഥലം നൽകുകയും ചെയ്യുന്നതോടെ ആ വാഗ്‌ദാനം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്.

പൗരത്വഭേദഗതി ബിൽ നടപ്പാക്കിയും, ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്‌ൾ 370 പിൻവലിച്ചും, മുത്തലാഖ് നിരോധനം നടപ്പാക്കിയും പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ ഓരോന്നായി നടപ്പാക്കി മുന്നേറുന്ന നരേന്ദ്രമോദി സർക്കാരിന് രാമക്ഷേത്രം പൂർത്തിയാകുന്നതോടെ ലഭിക്കുന്ന രാഷ്‌ട്രീയ മൈലേജ് വളരെ വലുതായിരിക്കും.