
പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ട് മമ്മൂട്ടി നൽകിയില്ലെന്ന് പ്രചരിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും, അത്തരം പ്രചരണങ്ങളിൽ ഒരു കഴമ്പുമില്ലെന്ന് സംവിധായകൻ ടി എസ് സുരേഷ് ബാബു. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ നായകരാക്കി പ്രേംനസീർ സിനിമ ചെയ്യാൻ ആഗ്രഹച്ചിരുന്നു. മമ്മൂട്ടി ഡേറ്റ് നൽകിയതുമാണ്. ഇക്കാര്യങ്ങൾക്കെല്ലാം താൻ സാക്ഷിയാണെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ബാബു വെളിപ്പെടുത്തുന്നു.
സുരേഷ് ബാബുവിന്റെ വാക്കുകൾ-
'ഇടയ‌്ക്ക് ഒരു അഭിമുഖത്തിൽ കണ്ടു, നസീർ സാർ ഡേറ്റ് ചോദിച്ചിട്ട് മമ്മൂക്ക ഇല്ലാന്ന് പറഞ്ഞുവെന്ന്. ഒരിക്കലുമില്ല, അതിന് സാക്ഷി ഞാനാണ്. ഹോട്ടലിലേക്ക് ഫോൺ വന്നിട്ട് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ഫോൺ എടുത്തത്. ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ പ്രതികരണം. ഡേറ്റിന് വേണ്ടിയാണ് എപ്പോൾ വരണം എന്ന് നസീർ സാർ ചോദിച്ചപ്പോൾ, വേണ്ട സാർ ഞാൻ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഓപ്പൺ ഡേറ്റാണ് മമ്മൂക്ക നസീർ സാറിന് കൊടുത്തത്. ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ‌്തു. മോഹൻലാൽ അതിൽ അഭിനയിക്കാൻ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണ്'.