
മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ കണ്ടെത്തിയ ചോര്‍ച്ച പരിഹരിക്കാന്‍ കഴിയാതെ ശാസ്ത്രജ്ഞര്‍. റഷ്യയുടെ സ്വെസ്ദ മൊഡ്യൂളില്‍ കണ്ടെത്തിയ വാതകച്ചോര്‍ച്ച പശയുള്ള ടേപ്പ് ഉപയോഗിച്ച് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ അറിയിച്ചു.
ഐ.എസ്.എസിലുള്ള ഗവേഷകരും ഭൂമിയിലെ ബഹിരാകാശ വിദഗ്ദ്ധരും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് പുറത്തു വിട്ടത്. വ്യാഴാഴ്ച റഷ്യയുടെ മോസ്‌കോ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ രാജ്യത്തു നിന്നുള്ള ബഹികാരാശ സഞ്ചാരിയായ ഇവാന്‍ വാഗ്‌നര്‍ക്ക് സ്വെസ്ദ മൊഡ്യൂളിലെ ചോര്‍ച്ച അടയ്ക്കാന്‍ പരമാവധി ടേപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ടേപ്പ് ഉപയോഗിച്ച് വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി വെള്ളിയാഴ്ച രാവിലെ വാഗ്‌നര്‍ അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് അറിയിച്ചു. വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ചേംബറിലെ വായുസമ്മര്‍ദ്ദവും കുറഞ്ഞിട്ടുണ്ട്. 2019 സെപ്തംബറിലാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ വാതക ചോര്‍ച്ച കണ്ടെത്തിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചോര്‍ച്ച അഞ്ചിരട്ടിയോളം വര്‍ദ്ധിച്ചെങ്കിലും ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.
ഒരു ദിവസം ഏകദേശം 1.4 കിലോഗ്രാം വരെ വായു പേടകത്തില്‍ നിന്ന് ചോരുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ ചോര്‍ച്ച ബഹിരാകാശ നിലയത്തിലുള്ള സംഘത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ റഷ്യന്‍ സഞ്ചാരികളായ അനട്ടോളി ഇവാനിഷിനും വാഗ്‌നറിനും പുറമെ യു.എസ് സഞ്ചാരിയായ ക്രിസ്റ്റഫര്‍ കാസ്സിഡിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അവസാനമാണ് റഷ്യന്‍ ഭാഗത്തിന്റെ ചുമതലയുള്ള ഫ്‌ലൈറ്റ് ഡയറക്ടര്‍ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ കൃത്യമായി പുറത്തു വിട്ടത്. 0.6 മില്ലിമീറ്റര്‍ മുതല്‍ 0.8 മില്ലിമീറ്റര്‍ വരെ മാത്രമാണ് ദ്വാരത്തിന്റെ വലുപ്പമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ചോര്‍ച്ച കൃത്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികമായി ജീവവായു വിതരണം ചെയ്യേണ്ടി വരുമെന്ന് റോസ്‌കോസ്‌മോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെര്‍ജി ക്രിക്കലേവ് അറിയിച്ചു.