
മോസ്കോ : ജനിച്ചുവീണപ്പോൾ തന്നെ അമ്മ ഉപേക്ഷിച്ച് പോയ സ്റ്റെപാനെ വളർത്തിയതും വലുതാക്കിയതും മനുഷ്യരാണ്. ഇന്ന് മനുഷ്യർക്കൊപ്പം വർണപ്പകിട്ടാർന്ന ഒരു കരിയറിലൂടെ ലോകപ്രശസ്തനായിരിക്കുകയാണ് സ്റ്റെപാൻ. ആരാണ് സ്റ്റെപാൻ എന്നായിരിക്കും ചോദ്യം. 28 വയസുള്ള ബ്രൗൺ കരടിയാണ് സ്റ്റെപാൻ.

സ്റ്റെപാൻ ഇന്ന് റഷ്യയിലെ അറിയപ്പെടുന്ന ഒരു മോഡലാണ്. കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം വിവിധ പോസുകളിൽ ഫോട്ടോഗ്രാഫർക്ക് മുന്നിൽ അനുസരണയോടെ നില്ക്കുന്ന സ്റ്റെപാൻ ആരെയും ഉപദ്രവിക്കുമെന്ന പേടിവേണ്ട. സ്വെറ്റ്ലാന - യൂറി പാൻറ്റിലീൻകോ എന്ന ദമ്പതികളാണ് സ്റ്റെപാന്റെ ഉടമകൾ.

ഇവരുടെ സൃഹൃത്തായ മോസ്കോ സ്വദേശിനിയായ മില സ്ഡനോവ എന്ന 40കാരിയായ ഫോട്ടോഗ്രാഫറാണ് സ്റ്റെപാന്റെ തലവര മാറ്റി എഴുതിയത്. മനുഷ്യരോട് നന്നായി ഇണങ്ങുന്ന സ്റ്റെപാനെ മോഡലാക്കാൻ മില തീരുമാനിച്ചു. ഫാന്റസി തീമിൽ റഷ്യൻ പരമ്പരാഗത വസ്ത്രമണിഞ്ഞ മോഡലുകൾക്കൊപ്പം സ്റ്റെപാനെ പോസ് ചെയ്യിപ്പിച്ചു തുടങ്ങി.

മില അത് തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു. ഈ ഫോട്ടോകൾ കണ്ടാൽ ആരായാലും നോക്കി നിന്നു പോകും. ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് കഥയാക്കെ പലർക്കും ഓർമ വരാം. ശരിക്കും മദ്ധ്യകാലഘട്ട നാടോടിക്കഥകൾ പുനഃസൃഷ്ടിച്ച പോലെ. ദിവസം അര മണിക്കൂർ വരെയാണ് സ്റ്റെപാൻ ജോലി ചെയ്യുന്നത്.

മോസ്കോയിലെ മഞ്ഞുമലകളാൽ നിറഞ്ഞ വനമേഖലകളും പരിസര പ്രദേശങ്ങളുമാണ് ഫോട്ടോകളുടെ പശ്ചാത്തലം. സ്റ്റെപാന്റെ മോഡലിംഗ് ഹിറ്റായതോടെ ബ്രിട്ടൺ, തായ്‌ലൻഡ്, ഓസ്ട്രിയ, ജർമനി, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുവരെ മോഡലുകൾ മനോഹരമായ ഫാന്റസി ഫോട്ടോഷൂട്ടിനായി സ്റ്റെപാനെ തേടിവരികയാണ്.

350 കിലോയോളം ഭാരമുണ്ട് സ്റ്റെപാന്. കിഴക്കൻ യൂറോപ്യൻ ഫാഷൻ ലോകത്ത് സ്റ്റെപാൻ സ്റ്റാർ ആയിരിക്കുകയാണ്. നിരവധി ഓഫറുകൾ റഷ്യയ്ക്ക് പുറത്ത് നിന്നും സ്റ്റെപാനെ തേടിയെത്തുന്നുണ്ട്.