
തലാതൽ ഘർ. ചരിത്രസ്മാരകങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വളരെയേറെ കൗതുകമുണർത്തുന്ന സ്ഥലമാണ് അസാമിലെ സിബ്സാഗർ. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നു മാറി അഹോം വംശത്തിന്റെ ഏറ്റവും വലിയ സൃഷ്ടിയായി നിൽക്കുന്ന തലാതൽ ഘറിനെക്കുറിച്ചുള്ള അധികമാരും കേൾക്കാൻ വഴിയില്ല.
പഴമയുടെ അടയാളങ്ങളുമായി നിൽക്കുന്ന തലാതൽ ഘർ അത്ഭുതങ്ങളിലും വിസ്മയങ്ങളിലും വിശ്വസിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടം തന്നെയാണിത്. അസാമിൽ മദ്ധ്യ കാലഘട്ടത്തിലുണ്ടായിരുന്ന അഹോം രാജവംശത്തിന്റെ അടയാളങ്ങളുടെ ശേഷിപ്പുകളിൽ ഒന്നാണ് തലാതൽ ഘർ. കൂടാതെ അഹോം വംശത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതും എന്ന സവിശേഷതയും ഇതിനുണ്ട്.
അഹോം രാജാവായിരുന്ന സ്വർഗ്ഗദേവ് രുദ്രസിംഗ് തന്റെ തലസ്ഥാനം ബർഗോണിൽ നിന്ന് രംഗ്പുർ എന്ന ഇന്നത്തെ സിബ്സാഗറിലേക്ക് മാറ്റി. ആ സമയത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. അസാമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ ഇതിന്റെ നിർമ്മാണത്തിൽ നിരവധി സവിശേഷതകൾ കാണാൻ കഴിയും.
നിർമ്മാണത്തിന്റെ കാര്യത്തിൽ ഇത്രയധികം വ്യത്യസ്തത കൊണ്ടുവന്ന കെട്ടിടങ്ങൾ അക്കാലത്ത് കുറവായിരുന്നു. ആകെ ഏഴു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മൂന്നു നിലകൾ ഭൂമിക്കടിയിലാണ്. രാജാവിനും പ്രജകൾക്കുമുള്ള ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരത്തിന് വേണ്ടിയാണ് ഇവ വിനിയോഗിച്ചിട്ടുള്ളത്. ഇത് കൂടാതെ മനോഹരമായ ഗോവണികളും മട്ടുപ്പാവും പീരങ്കികളും ഒക്കെ ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.
യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ നിരവധി രഹസ്യ തുരങ്കങ്ങളും രഹസ്യ വഴികളും ഒക്കെ ഈ കെട്ടിടത്തിലുണ്ട്. രാജഹംസത്തിന്റെ മുട്ടയിൽ നിന്നു വേർതിരിച്ചെടുത്ത പ്രത്യേക മിശ്രിതം പ്രത്യേക തരത്തിലുള്ള അരി ചേർത്ത് നിർമ്മിച്ച വളരെ പ്രത്യേകതയുള്ള സിമന്റ് പേോലെയുള്ള മിശ്രിതമാണ് ഇതിന്റെ ഭൂഗർഭ അറകൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. മൂന്നു കിലോമീറ്റർ നീളവും 16 കിലോമീറ്റർ നീളവുമുള്ള രണ്ട് ടണലുകൾ ഇവിടെയുണ്ട്.കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ജനങ്ങൾക്ക് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കാറുള്ളു. ഭൂമിക്കടിയിലുള്ള ഇടങ്ങളെല്ലാം സീൽ ചെയ്തിട്ടുണ്ട്. കോട്ടകൊത്തളങ്ങളും ചരിത്രസ്മാരകങ്ങളും ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിത്.