
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് എട്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന മൃഗശാലയിൽ അടുത്ത മാസത്തോടെ പുതിയ അതിഥികൾ എത്തും. ലോക്ക് ഡൗണിന് മുമ്പ് മൂന്ന് രാജവെമ്പാലയെയും രണ്ട് പന്നിക്കരടികളെയും കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൃഗങ്ങളുടെ തലസ്ഥാനത്തേക്കുള്ള യാത്ര വൈകുകയായിരുന്നു.
വരുന്നത് ഹൈദരാബാദിൽ നിന്ന്
ഹൈദരാബാദിലെ മൃഗശാലയിൽ നിന്നാണ് പന്നിക്കരടികളെ കൊണ്ടുവരിക. മംഗലാപുരത്ത് നിന്നാണ് രാജവെമ്പാലകളെ എത്തിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ മാറി സന്ദർശകർക്കായി തുറക്കുമ്പോൾ കൂടുതൽ അതിഥികളെ എത്തിക്കുമെന്ന് മൃഗശാല വൃത്തങ്ങൾ സൂചിപ്പിച്ചു. രണ്ട് ജോടി റിയ പക്ഷികളെ അങ്ങോട്ട് നൽകിയ ശേഷമാണ് ആൺ,പെൺ പന്നിക്കരടികളെ വാങ്ങുന്നത്. രാജവെമ്പാലകളിൽ രണ്ടെണ്ണം പെണ്ണാണ്. ഇവയെ പാർപ്പിക്കാനുള്ള കൂടുകൾ പൂർത്തിയായിട്ടുണ്ട്.
നേരത്തെ മൂന്ന് രാജവെമ്പാലകൾ ആണ് മൃഗശാലയിൽ ഉണ്ടായിരുന്നത്. പ്രായാധിക്യത്തെ തുടർന്ന് മൂന്നും ചത്തു. 16 അടി നീളമുണ്ടായിരുന്ന ആൺ രാജവെമ്പാല ജാക്ക് (18) ആയിരുന്നു അവസാനം ചത്തത്. തുടർന്നാണ് രാജവെമ്പാലയെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഈ വർഷം എത്തിയ വെള്ള മയിലുകൾ, ഒട്ടകപ്പക്ഷി, വർണ കൊക്കുകൾ, റെറ്റിക്കുലേറ്റസ് പൈത്തൻ, ഹിമാലയൻ കരടികൾ, കഴുതപ്പുലികൾ എന്നിവയും മൃഗശാലയിൽ ഉണ്ട്.
ഇന്റർപ്രിട്ടേഷൻ സെന്റർ റെഡി
ത്രീഡി തിയേറ്റർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഇന്റർപ്രിട്ടേഷൻ സെന്ററും മൃഗശാലയിൽ തയ്യാറായിക്കഴിഞ്ഞു. രണ്ട് മുറികളുള്ള സെന്ററിന്റെ ഒരു മുറിയിലാണ് തിയേറ്റർ സജ്ജമാക്കിയിരിക്കുന്നത്. ഇതിനൊപ്പം ഒരു കിയോസ്‌കുമുണ്ട്. സ്മാർട്ട്‌ഫോണിലെ പോലെ വിവരങ്ങൾ വിരൽ തൊട്ട് മനസിലാക്കാൻ സഹായിക്കുന്ന സാമാന്യം വലിപ്പമുള്ളവയാണ് കിയോസ്‌കുകൾ, പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാകും കിയോസ്‌കുകൾ പ്രവർത്തിപ്പിക്കുക. ഫോട്ടോകൾ, അടിസ്ഥാന വിവരങ്ങൾ എന്നിവ കൂടാതെ മൃഗങ്ങളുടെ സ്വഭാവം, പ്രത്യേകതകൾ തുടങ്ങിയ പലതരത്തിലുള്ള വിവരങ്ങളാണ് ഈ സെന്ററുകളിൽ ഉണ്ടാകുക. അടിസ്ഥാന വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിന് പുറമെ ആ മൃഗത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും സ്‌ക്രീനിൽ കാണാം.
ബട്ടർഫ്ളൈ പാർക്ക്
ചിത്രശലഭങ്ങൾക്കായി ബട്ടർഫ്ളൈ പാർക്കും മൃഗശാലയിൽ ഒരുങ്ങുന്നുണ്ട്. വിവിധ വർഗത്തിലുള്ള ശലഭങ്ങളെയാണ് ഇവിടെ അധികൃതർ വളർത്തുന്നത്. മൃഗശാല കാണാനെത്തുന്ന ഭിന്നശേഷിക്കാർക്കായി പ്രത്യേക പാതയും പാർക്കിൽ ഒരുക്കും.
5.19 കോടി വരുമാനം
5.19 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മൃഗശാലയിൽ നിന്ന് വരുമാനമായി ലഭിച്ചത്. ഇതിൽ 2.19 കോടി നവീകരണത്തിനായി ചെലവിട്ടു. എട്ട് മാസത്തോളമായി അടഞ്ഞു കിടക്കുന്നതിനാൽ മൃഗശാലയ്ക്ക് വലിയൊരു തുക വരുമാനത്തിൽ നഷ്ടമായിട്ടുണ്ട്.