k-surendran

തൃശൂർ: അന്തിക്കാട് നിധിലിന്റെ കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയ്ക്ക് പിന്നിൽ സി.പി.എമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി.പി.എം ക്രിമിനലുകളെ ജില്ലയിൽ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും കൊലപാതകം ആസൂത്രണം ചെയ്തവരെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകത്തിൽ മന്ത്രി എ.സി മൊയ്‌തീന്റെ പങ്ക് അന്വേഷിക്കണം. അണികളെ കൊലപാതകത്തിന് സി.പി.എം പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും സുരേന്ദ്രൻ പറഞ്ഞു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്.

കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു.