
റോം: എല്ലാവർക്കും ഐസ്ക്രീം നുണയാൻ ഏറെ ഇഷ്ടമാണ്. ഇറ്റലിക്കാരനായ ദിമിത്രി പാൻസിയേര ഐസ്ക്രീമിനെ ആയുധമാക്കി മധുരമൂറുന്ന ഒരു ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി.
125 സ്കൂപ്പ് ഐസ്ക്രീം ഒരൊറ്റ കോണിൽ അടുക്കി വച്ചാണ് പാൻസിയേര ഗിന്നസിലെത്തിയത്.
2013ൽ ഒരു കോണിൽ 85 സ്കൂപ്പ് ഐസ്ക്രീമുകൾ അടുക്കിവച്ച് പാൻസിയേര തന്നെയായിരുന്നു ഈ റെക്കോർഡ് ആദ്യം സ്ഥാപിച്ചത്. 
പിന്നീട്, 123 സ്കൂപ്പ് ഐസ്ക്രീം നിലത്ത് വീഴാതെ ക്രമീകരിച്ച് അഷ്രിത ഫർമാൻ എന്ന വ്യക്തി റെക്കോഡ് തകർത്തു.
ഈ റെക്കോഡാണ് ഇപ്പോൾ പാൻസിയേര തിരിച്ചുപിടിച്ചത്.
ഇറ്റലിയിലെ ഗിന്നസ് ടിവി സ്പെഷ്യൽ പരിപാടിയായ ലാ നോട്ട് ഡേ റെക്കോഡിൽ ആണ് പാൻസിയേര തന്റെ റെക്കോഡ് തിരിച്ചുപിടിച്ചത്. 
പാൻസിയേര കോണിൽ ഒന്നിനു പിറകെ ഒന്നായി ഐസ്ക്രീം സ്കൂപ്പുകൾ നിറയ്ക്കുമ്പോൾ, പ്രേക്ഷകർ വിസ്മയത്തോടെ നോക്കി നിൽക്കുന്നത് വിഡിയോയിൽ കാണാം.
125 സ്കൂപ്പുകൾ ക്രമീകരിച്ച് 10 സെക്കൻഡ് ഒന്നും നിലത്ത് വീഴുന്നില്ല എന്നുറപ്പ് വരുത്തിയ ശേഷമാണ് വിധികർത്താക്കൾ മൊത്തം സ്കൂപ്പുകളുടെ എണ്ണം കണക്കാക്കി പുതിയ ഗിന്നസ് റെക്കോഡ് പ്രഖ്യാപിച്ചത്.