
കോട്ടയം: സഹപാഠിയുടെ സൗഹൃദം അതിരുവിട്ടു, 18 കാരി ആൺകുഞ്ഞിന് ജന്മം നല്കി. ഇരുപതുകാരനെ ഇടുക്കി സി.ഐ ബി.ജയൻ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിട്ടിരിക്കുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. ചെറുതോണി നൈനുകുന്നേൽ അബ്ദുൾ സമദ് ആണ് അറസ്റ്റിലായത്. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാവാതിരുന്നതിനാൽ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പെൺകുട്ടിയും സമദും ഉറ്റ സുഹൃത്തുക്കളായിരുന്നു. പിതാവും മാതാവും ജോലിക്ക് പോയിരുന്ന സമയത്ത് സമദ് വീട്ടിൽ വന്നുപോയിരുന്നു. ഇക്കാര്യം മാതാവിന് അറിയാമായിരുന്നുവെങ്കിലും സംശയമൊന്നും തോന്നിയിരുന്നില്ല.
വയറുവേദനയെ തുടർന്ന് ഇന്നലെ രാവിലെ പെൺകുട്ടിയെ അമ്മയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തി അര മണിക്കൂറിനുള്ളിൽ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നല്കി. മകൾ ഗർഭിണിയായിരുന്നുവെന്ന് അമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് ഇടുക്കി പൊലീസ് കേസ് എടുത്തത്.