king-of-thai

ബെർലിൻ: കൊവിഡ് കെടുതികളാലും രാജഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ മൂലവും വലയുകയാണ് തായ്‌ലൻഡ് ജനത. എന്നാൽ, തായ്ലൻഡ് ഭരണാധികാരിയായ മഹാവജിറലോങ്കോൺ രാജാവിന് ഇതൊന്നുമറിയേണ്ട. വർഷത്തിൽ ഏറിയ പങ്കും അദ്ദേഹം ജർമനിയിലെ ഉല്ലാസകേന്ദ്രമായ ബവേറിയയിലാണ് താമസിക്കുന്നത്. ബവേറിയയിൽ നിന്നുള്ള റിമോട്ട് കൺട്രോൾ ഭരണമാണ് രാജാവിന്റെ പരിപാടി. എന്നാൽ, ഇനി അത് നടപ്പില്ല എന്നറിയിച്ചിരിക്കുകയാണ് ജർമ്മനി. ജർമൻ വിദേശകാര്യമന്ത്രി, ഹെയ്‌ക്കോ മാസ്സ് ആണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒക്ടോബർ ഏഴിന് പാർലമെന്റിൽ വച്ചാണ് മാസ് ഈ പ്രസ്താവന നടത്തിയത്. തായ്‌ലൻഡിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെപ്പറ്റിയും രാജ്യത്ത് ജനാധിപത്യം വേണമെന്ന ജനങ്ങളുടെ മുറവിളികളെപ്പറ്റിയുമുള്ള ഒരു ജനപ്രതിനിധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ആയിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന."തായ്‌ലൻഡിന്റെ, രാഷ്ട്രീയത്തിലുള്ള ഇടപെടലുകൾ ജർമൻ മണ്ണിൽ ഇരുന്നുകൊണ്ട് നടത്താൻ പാടില്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്." എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.


 സുഖമാണ് പ്രധാനം

വർഷത്തിൽ ഏറിയപങ്കും മഹാവജിറലോങ്കോൺ രാജാവ് ബവേറിയയിലെ ആൽപൈൻ റിസോർട്ടിൽ സുഖവാസത്തിലാണ്. വല്ലപ്പോഴും ഒന്ന് നാട്ടിൽ പോയി, അത്യാവശ്യം ഒപ്പിടാനുള്ളതൊക്കെ ഒപ്പിട്ട ശേഷം തിരികെ വീണ്ടും സുഖവാസം തുടരുകയാണ് രാജാവിന്റെ പതിവ്.

എന്നാൽ, ജനങ്ങളുടെ നികുതിപ്പണം രാജാവ് തന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ തായ്ലൻഡിൽ പ്രതിഷേധം ശക്തമാവുകയാണ്.

രാജാവിന്റെ നയങ്ങളെയോ രാജകുടുംബാംഗങ്ങളെയോ വിമർശിക്കുന്നത് തായ്ലൻഡിൽ ഗുരുതര കുറ്റമാണ്. 1973ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ 47ാം വാർഷികമായ ഒക്ടോബർ 14ന് ബാങ്കോക്കിൽ ഒരു വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥി സംഘടനകൾ. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഈ പ്രകടനത്തിൽ പങ്കെടുത്തേക്കും.