
ചെന്നൈ: പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീയെ തറിയിലിരുത്തി ജാതിയധിക്ഷേപം. തമിഴ്നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. തേർക്കുത്തിട്ടൈ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായ രാജേശ്വരിയ്ക്കാണ് പഞ്ചായത്ത് യോഗത്തിനിടെ തറയിലിരിക്കേണ്ട ദുർഗതി വന്നത്. വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ബോർഡ് മീറ്റിംഗിലാണ് മറ്റുള്ള അംഗങ്ങൾ രാജേശ്വരിയോട് തറയിലിരിക്കാൻ ആവശ്യപ്പെട്ടത്. യോഗത്തിൽ ഇവർ തറയിലിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇക്കഴിഞ്ഞ ജനുവരിയിലാണ് വണ്ണിയാർ സമുദായത്തിന് ഭൂരിപക്ഷമുള്ള തേർക്കുത്തിട്ടൈയിൽ നിന്ന് എസ്.സി അംഗമായ രാജേശ്വരി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതാദ്യമായല്ല തന്നെ തറയിലിരുത്തുന്നതെന്നും പഞ്ചായത്ത് യോഗങ്ങളിൽ തന്നെ കസേരയിലിരിക്കാൻ അംഗങ്ങൾ അനുവദിക്കാറില്ലെന്നും രാജേശ്വരി പറയുന്നു.
വിഷയം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ രാജിനെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. തിരുവളള്ളൂരിൽ ദളിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നതിൽ നിന്ന് മാറ്റിനിറുത്തിയ സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുൻപേയാണ് വീണ്ടും ജാതിയധിക്ഷേപം ഉണ്ടായിരിക്കുന്നത്. തിരുവള്ളൂരിലെ ഉന്നത ജാതിക്കാർ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റിനെ മാറ്റി നിറുത്തി പതാക ഉയർത്തിയത്.