
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ ട്രെയിനി എസ്.ഐമാർക്ക് പ്രത്യേക പരിശീലനത്തിന് നിർദ്ദേശം. അക്രമകാരികളെ അമിത ബലപ്രയോഗമില്ലാതെ കീഴ്‌പെടുത്താനാണ് പരിശീലനം നൽകുക. കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന വൃദ്ധനെ പ്രൊബേഷൻ എസ്.ഐ മർദ്ദിക്കുന്ന രംഗം വൈറലായതോടെയാണ് ഈ തീരുമാനം. തിങ്കളാഴ്‌ച കർശനമായും പരിശീലനത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
കൊല്ലത്ത് വയോധികനായ രാമാനുജൻ നായരെ എസ് ഐ നജീം മർദ്ദിച്ചതും മുഖത്തടിച്ചതും അനുചിതമായ നടപടിയാണെന്ന് സംഭവം അന്വേഷിച്ച സ്‌പെഷ്യൽ ബ്രാഞ്ച് ഡി വെ എസ് പി വിനോദ് കുമാറിന്റെ അന്വേഷണത്തിൽ വ്യക്തമായത്. അറസ്‌റ്റ് ചെയ്യുമ്പോൾ ബലം പ്രയോഗിക്കുന്നവരുടെ കരണത്തടിക്കാൻ പൊലീസ് നിയമം അനുവദിക്കുന്നില്ല.
അടിയേറ്റ രാമാനുജൻ നായർ ഹൃദ്രോഗിയാണന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടെങ്കിലും എസ്.ഐ അത് അനുവദിച്ചില്ല.ഇദ്ദേഹത്തെ എസ്.ഐ വഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇത് ഗുരുതര തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു.