armenia-

മോസ്കോ: റഷ്യയുടെ മദ്ധ്യസ്ഥതയിൽ അർമേനിയയും അസർബൈജാനും വെടിനിറുത്തലിന് ധാരണയായി. മോസ്കോയിൽ നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നഗ്രോണോ- കരാബാഗ് പ്രവിശ്യയിൽ നടക്കുന്ന സംഘർഷത്തിന് അയവ് വരുന്ന തീരുമാനത്തിലേക്ക് എത്തിയത്. സംഘർഷത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറാനും ധാരണയായിട്ടുണ്ട്. സെപ്തംബർ 27നാണ് സംഘർഷം ആരംഭിച്ചത്. വെടിനിറുത്തൽ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 10 മണിക്കൂറോളം ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരെ ഒന്നിച്ചിരുത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവറോവ് ചർച്ച നടത്തി. തുടർന്ന് ശനിയാഴ്ച പുലർച്ചെ മൂന്നോടെ വെടിനിറുത്തലിന് ധാരണയായി. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകളും ആരംഭിക്കാൻ ധാരണയിൽ എത്തിയതായി റഷ്യ അറിയിച്ചു. സംഘർഷം നടന്ന സ്ഥലങ്ങളിൽ അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സേവനങ്ങളും സംഘടിപ്പിക്കും. എന്നാൽ, ചർച്ച സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അസർബൈജാൻ - അർമേനിയൻ വിദേശകാര്യ മന്ത്രിമാർ തയ്യാറായില്ല.