covid-vaccine

മോസ്‌കോ: കൊവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ മുന്നേറുന്നതിനിടെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് അംഗീകാരം നൽകാനൊരുങ്ങി റഷ്യ. പുതിയ വാക്‌സിന് ഒക്‌ടോബർ 15ന് അംഗീകാരം നൽകുമെന്നാണ്

അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് 5 രോഗികളിൽ കുത്തിവച്ചിരുന്നു.

പരീക്ഷണഘട്ടങ്ങൾ പൂർണമായി കഴിയാതെ രോഗികളിൽ സ്പുട്നിക് വാക്സിൻ കുത്തിവച്ചത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാക്സിനും അംഗീകാരം ലഭിക്കുന്നത്.

വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും വെക്‌ടർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
രണ്ടാമത്തെ വാക്‌സിൻ സുരക്ഷിതമാണെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് മുൻപ് വ്യക്തമാക്കിയിരുന്നു. എലികൾ, മുയലുകൾ, ഗിനി പന്നികൾ എന്നിവയിൽ ഉൾപ്പെടെ 1,500 ഓളം മൃഗങ്ങളിലാണ് പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. വിശദമായ പഠനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. പല ഘട്ടങ്ങളിലായി പൂർത്തിയായ വാക്‌സിൻ പൂർണമായും സുരക്ഷിതമാണെന്ന് തെളിഞ്ഞുവെന്നും ഗവേഷകർ പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് വെക്‌ടർ. സൈബീരിയ്‌ക്ക് അടുത്തുള്ള നോവോസിബിർസ്‌കിലെ കോൽട്‌സോവോയിലാണ് ഇത് സ്ഥിതി ചെയുന്നത്. 1974ൽ പ്രവർത്തനമാരംഭിച്ച വെക്‌ടർ ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 37,168,517 ഉം മരണം 1,073,648 ആയി. ആകെ രോഗവിമുക്തർ 27,929,254. വേൾഡ് ഒ മീറ്റർ പ്രകാരമുള്ള കണക്കാണിത്.