rajeswari


ഗൂഡല്ലൂര്‍: ഹാഥ്രസില്‍ ദളിത് യുവതിയ്ക്കെതിരെയുള്ള അതിക്രമത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ തമിഴ്‌നാട്ടിലെ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി വിവാദത്തില്‍. ഗൂഡല്ലൂര്‍ ജില്ലയിലെ തേര്‍ക്കുതിട്ടൈ ഗ്രാമത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തില്‍ ദളിതയായ പ്രസിഡന്റിനെ നിലത്തിരുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റും 'ഉയര്‍ന്ന ജാതിക്കാരനുമായ' മോഹന്‍രാജനെതിരെയാണ് ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി യോഗസമയത്ത് തറയില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2020 ജൂലായില്‍ നടന്ന യോഗത്തിലേതാണെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.

വാര്‍ത്താ റിപ്പോര്‍ട്ടുകളുടെയും പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയുടെയും പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ രാജനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെയാണ് എസ്.എസി.എസ്.ടി നിയമപ്രകാരം ഗൂഡല്ലൂര്‍ പോലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് രാജേശ്വരി പറഞ്ഞു. തന്റെ ജാതി കാരണമാണ് പഞ്ചായത്ത് യോഗങ്ങളുടെ സമയത്ത് തറയിലിരിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ചെയ്തിരുന്ന ജോലികള്‍ നിര്‍ത്താനും ആവശ്യപ്പെട്ടതായും രാജേശ്വരി ആരോപിച്ചു.