death

ന്യൂഡൽഹി: കൊവിഡ് രോഗം ഭേദമായെങ്കിലും സൻലേഖ സ്വീകരിച്ച് സമാധിയടഞ്ഞ് വീട്ടമ്മ. ജൈനമത വിശ്വാസപ്രകാരം സ്വയം മരണം വരിക്കുന്ന രീതിയാണിത്.

മദ്ധ്യപ്രദേശ് ഇൻഡോറിൽ ബുധനാഴ്ചയാണ് 64കാരിയായ വീട്ടമ്മ സമാധിയായത്. ഇന്ത്യാ ടുഡേയാണ് വിവരം പുറത്തുവിട്ടത്. മരണം വരിക്കാനായി ഭക്ഷണവും വെള്ളവും ഒഴിവാക്കുന്ന രീതിയെയാണ് സൻലേഖയെന്നു പറയുന്നത്. കൊവിഡ് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ അണുബാധ രൂക്ഷമായതിനാൽ ആശുപത്രിയിൽ തന്നെ തുടർന്നു. ഇതിനിടെ ആരോഗ്യനില വഷളായതോടെ ജൈന മത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായ പുഷ്പഗിരി സന്ദർശിക്കാനുള്ള ആഗ്രഹം പങ്കുവച്ചു. തുടർന്ന് കുടുംബം അവരെ പുഷ്പഗിരിയിലെത്തിച്ചു. അവിടെ വച്ചാണ് താൻ സൻലേഖ വരിക്കുകയാണെന്ന് വീട്ടുകാരെ അറിയിച്ചത്. അനാരോഗ്യത്തിനിടെ ഭക്ഷണവും വെള്ളവും ഒഴിവാക്കിയത് ആരോഗ്യനില കൂടുതൽ വഷളാക്കി. മരണം സംഭവിച്ചു. കുടുംബം നിർബന്ധിച്ച് വീട്ടമ്മയുടെ ഡിസ്ചാർജ് വാങ്ങുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. വീട്ടമ്മയ്ക്ക് ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ മുൻപ് ചെയ്തിരുന്നെന്നും അവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നും ഡോക്ടർമാർ പറയുന്നു. ഭർത്താവിന്റെ മരണ ശേഷം രണ്ട് ആൺമക്കൾക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു വീട്ടമ്മ.