
42ാമത് മോസ്‌കോ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മലയാളം ചിത്രമായ '1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍' പ്രദര്‍ശിപ്പിച്ചു. ഒക്ടോബര്‍ അഞ്ചിനും തൊട്ടടുത്ത ദിവസവുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനോടൊപ്പം തന്നെ ഈ വര്‍ഷം മോസ്‌കോയില്‍ തന്നെ അരങ്ങേറിയ അഞ്ചാമത് ബ്രിക്സ്(BRICS) അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.
ബ്രിക്സ്(ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളില്‍നിന്നുള്ള ഉള്ള പ്രതിനിധികള്‍ പങ്കെടുത്ത ബ്രിക്സ് ഫിലിം ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഡോണ്‍ പാലത്തറ സംസാരിച്ചു. അദ്ദേഹത്തെ കൂടാതെ ഇന്ത്യയില്‍ നിന്ന് ബീനാപോളും ഋതി ദത്തയും ഫോറത്തില്‍ സംസാരിച്ചു.
'മേളയില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ എത്താന്‍ പറ്റാതിരുന്നതിനാല്‍ സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. മോസ്‌കോയിലെ കൊവിഡ് സ്ഥിതിഗതികള്‍ക്കിടയിലും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്.' ഡോണ്‍ പറഞ്ഞു. ഇന്ത്യയിലെ ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരുടെ ആഭിമുഖ്യത്തിലാണ് ബ്രിക്സ് രാജ്യങ്ങളിലെ പ്രതിനിധികളോട് ഡോണ്‍ സംസാരിച്ചത്.
പ്രസംഗം ചുവടെ ചേര്‍ക്കുന്നു
'പ്രിയമുള്ളവരേ, ആദ്യമായി നന്ദി കിറില്‍, നീന, നന്ദി ബ്രിക്സ് ഫിലിം ഫെസ്റ്റിവല്‍, ഇങ്ങനെയൊരു അവസരത്തിന്. വളരെ സവിശേഷമായി ഞാന്‍ കാണുന്ന ഒന്നിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് ആര്‍ട് സിനിമ. കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍, ലോകത്തുടനീളമുള്ള വ്യത്യസ്ഥ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപെടുന്ന ഇന്ത്യന്‍ സിനിമകളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുക. വേറിട്ട ശബ്ദമുള്ള ആര്‍ട് ചലച്ചിത്രകാരന്മാര്‍ സിനിമാ ചരിത്രത്തില്‍ ഇന്നേവരെയും നേരിട്ടതിനെക്കാള്‍ കൂടുതല്‍ മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്. മുഖ്യധാരാ സിനിമയാണ് പ്രേക്ഷകരെ സൃഷ്ടിക്കുന്നത്.
അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ കാഴ്ച്ചാധാരണകളും പ്രതീക്ഷകളും രൂപപ്പെടുത്തുന്നതും ഇത്തരം സിനിമകള്‍ തന്നെയാണ്. എന്നാല്‍ ഒരു കൂട്ടം ഇന്ത്യന്‍ സിനിമകള്‍ 60കള്‍ മുതല്‍ പ്രമുഖ ചലച്ചിത്ര മേളകളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക പ്രശസ്ത ചലച്ചിത്രകാരായ സത്യജിത് റേ, റിഥ്വിക് ഘട്ടക്, മണി കൗള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ തലമുറക്ക് ശേഷം ഈയടുത്ത കാലത്താണ് ആ ശ്രേണിയിലേക്ക് ആഗോള സ്വീകാര്യത നേടിയ ചില ചലച്ചിത്രകാരുടെ കടന്ന് വരവ്. വര്‍ണശബളമായ ബോളിവുഡ് സിനിമക്ക് പുറമെ എത്തരം സിനിമകളാണ് ഇന്ത്യയില്‍ ഈ അടുത്തകാലത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്?.
കുറച്ച് മുന്‍പ് ബീന പോള്‍ ഇതിനെ കുറിച്ചൊരു പൊതുവിവരണം നടത്തുകയുണ്ടായി. സൗത്തിന്ത്യയില്‍ തന്നെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ നിരവധി സിനിമാ ഇന്‍ഡ്‌സ്ട്രികള്‍ നിലനില്‍ക്കുന്നുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും ഇതുപോലെ പ്രമുഖ ഇന്‍ഡ്‌സ്ട്രികള്‍ ഉണ്ട്. മൊത്തത്തില്‍ ഇന്ത്യയില്‍ ഇരുപതിലധികം ഭാഷകളില്‍ സിനമകള്‍ ഇറങ്ങുന്നുണ്ട്. ഈ മുഖ്യധാരാ സിനിമക്ക് പുറമെ സ്വാതന്ത്രമായും സമാന്തരമായും നിരവധി സിനിമകള്‍ രാജ്യത്തുടനീളം നിര്‍മിക്കപെടുന്നുണ്ട്. മലയാളത്തില്‍ മാത്രം 50തിലധികം സ്വതന്ത്ര സിനിമകള്‍ ഒരു വര്‍ഷം നിര്‍മ്മിക്കപെടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഒരുപിടി ചിത്രങ്ങള്‍ മാത്രമേ ആഗോള സിനിമാ പ്രേമികളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കപെടുന്നുള്ളു.
ഇത്തരം സിനിമകളുടെ നിര്‍മാണത്തെയും വിതരണത്തെയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. പക്ഷെ, ഈ പറയപ്പെടുന്ന സമാന്തര-ആര്‍ട് സിനിമകളുടെ മറ്റൊരു കാര്യത്തിലാണ് എനിക്ക് കൗതുകം- അവയുടെ തീമുകള്‍.
ഈ (മുഖ്യധാരാ)സിനിമകളൊക്കെയും വളരെയധികം സാമ്യമുള്ളതാണെന്ന് അവകാശപ്പെട്ടാല്‍ അത് കൂടിപോവുമെങ്കിലും, അതുദേശിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ ഇന്ത്യയിലെ ഇത്തരം സോ കോള്‍ഡ് ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പൊതുവായ ഘടകം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പടിഞ്ഞാറില്‍ നിന്നുള്ള ഫിലിം ഫെസ്റ്റിവലുകളെ പോലെ ഇവയൊന്നും വിശദമായൊരു കഥാപാത്ര വിശകലനത്തിലേക്ക് പോകുന്നില്ല. കഥാപാത്രങ്ങള്‍ എന്ന് പറയുമ്പോള്‍ നായക കഥാപത്രങ്ങളെ കുറിച്ചല്ല ഞാന്‍ പറയുന്നത്.
ബെര്‍ഗമാന്‍, ഫാസിബിന്‍ഡര്‍, റൊമര്‍, മെല്‍വില്ലേ, പിയാലാറ്റ്, തുടങ്ങിയവരുടെ അല്ലെങ്കില്‍ പുതിയ കാലത്തെ ഒലിവിയര്‍ അസ്സായസ്, റാഡു മുണ്ടെന്‍, ക്രിസ്റ്റി പുയി, ഫിലിപ്പേ ഗാറേല്‍ തുടങ്ങിയ അനേകം ചലച്ചിത്രകാരില്‍ നമ്മള്‍ കാണാറുള്ള, മനുഷ്യ പ്രകൃതത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ത്രിമാനങ്ങളുള്ള കഥാപാത്രങ്ങളെ പറ്റിയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഉദ്ദേശപൂര്‍വമാണെങ്കിലും അല്ലെങ്കിലും ഈയൊരു പ്രതിഭാസത്തിന് പല കാരണങ്ങളുണ്ടാകാം.
1. ഇന്ത്യയില്‍ സമൂഹമെന്നത് പരമപ്രധാനമാണ്. വ്യക്തിയുടെ വ്യക്തിതവും സമൂഹത്തിന്റെ വ്യക്തിത്വവും ഇഴചേര്‍ന്നാണ് കിടക്കുന്നത്. അതിനാല്‍ ഒരു സംഘത്തിന്റെതായ മാനസികാവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. അതിനാല്‍ തന്നെ വ്യക്തികളുടെ സവിശേഷതകള്‍ക്ക് പ്രാധാന്യം കുറവാണ്.
2. കിഴക്കിന് പുറത്താക്കപ്പെടലിന്റെയും കൊളോണിയല്‍ കണ്ണാടിയിലൂടെയുള്ള നിരന്തരമായി വികലമാക്കപെട്ടതിന്റെയും നീണ്ട ചരിത്രമുണ്ട്. ഒരിന്ത്യന്‍ ചലച്ചിത്രകാരന്റെ കണ്ണില്‍ കത്ത്ലീന്‍ മായോയുടെ മദര്‍ ഇന്ത്യയും ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സ്ലംഡോഗ് മില്യനയറും വലിയ വ്യത്യാസമില്ല.
3. ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ പടിഞ്ഞാറന്‍ മാര്‍ക്കറ്റില്‍ വിറ്റഴിഞ്ഞേക്കാവുന്ന സിനിമകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇവ ഇന്ത്യയെകുറിച്ചുള്ള പടിഞ്ഞാറന്‍ ധാരണകള്‍ ശെരിവെച്ചു. മനുഷ്യ പ്രകൃതത്തെയും സത്തയെയും കണ്ടെത്തുന്നത്തിന് പകരം അവ എക്‌സോടിക് പ്രേമയങ്ങളുടെയും ദൃശ്യങ്ങളുടെയും പിന്നാലെ പാഞ്ഞു. കഥാപാത്രപഠനമില്ലായ്മ(character study) ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകളുടെ ഒരു പൊതുസ്വഭാവമാണെങ്കിലും അത്തരം സിനിമകളെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാഞ്ഞിട്ടല്ല.
സത്യജിത് റേയുടെ സിനിമയായ നായക് കഥാപാത്രപഠനത്തിന്റെ ഗംഭീര ഉദാഹരണമാണ്.
കിഴക്കിനെയും അവരുടെ സിനിമയെയും കുറിച്ച കേവലമായ സ്റ്റീരിയോടിപ്പിക് സങ്കല്‍പ്പങ്ങള്‍ വെച്ച് മാര്‍ക്കറ്റിന് വേണ്ടി സിനിമ എടുത്താല്‍ ഇതായിരിക്കും ഫലം. എല്ലാ സിനിമകളും കഥാപാത്ര പഠനമോ സത്യമന്വേഷിക്കലോ ആവണമെന്നല്ല ഞാന്‍ പറയുന്നത്. മറിച്ച് പ്രമുഖമായ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപെടുന്ന രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ നിന്നുള്ള സിനിമകളുടെ വ്യത്യാസത്തെ പറ്റിയുള്ള കേവലമായൊരു നിരീക്ഷണം മാത്രമാണ്. അതിനര്‍ത്ഥം ഇന്ത്യന്‍ ജീവിതത്തിന്റെ സ്റ്റീരിയോടൈപ്പുകളെ കാണിക്കുന്നതില്‍ നിന്ന് കുതറിമാറുന്ന സിനിമകള്‍ തീരെയില്ല എന്നല്ല.
എന്റെ സിനിമ '1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍' ഒരു കഥാപാത്ര പഠനമാണ്. ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ക്ഷണം വന്നപ്പോള്‍ ഞാന്‍ ശെരിക്കും അത്ഭുതപെട്ടു പോയി. അതിനാല്‍ ഈ അവസ്ഥയില്‍ ഞാന്‍ ഈ ഫെസ്റ്റിവലിന് നന്ദി അറിയിക്കുകയാണ്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഏതാനും സിനിമകളെ പ്രദര്‍ശിപ്പിച്ച് പ്രൊമോട്ട് ചെയ്താല്‍ മതിയാകില്ല, ഹോളിവുഡിനോട് മത്സരിക്കാന്‍.
കൂടുതല്‍ പരിപാടികളും മാറി സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുന്ന സിനിമകള്‍ക്ക് കൂടുതല്‍ അവര്‍ഡുകളും സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ കൂടുതല്‍ സഹനിര്‍മാണങ്ങളും സ്വതന്ത്ര നിര്‍മ്മിതികളെ സഹായിക്കുന്ന ഫിലിം ഫണ്ടുകളും ഈ രാജ്യങ്ങളില്‍ നിന്നുണ്ടാവണം. 2018ല്‍ ചൈനീസ് സംവിധായകന്‍ ജിയ-ഴാന്‍ക്കെയുടെ കര്‍തൃത്തില്‍ ഒരു ബ്രിക്സ് കോപ്രൊഡക്ഷന്‍ നടക്കുകയുണ്ടായി. മിസ് സോളിസ്വ മുന്നോട്ട് വെച്ച പോലെ കൂടുതല്‍ ഇത്തരം സംരംഭങ്ങള്‍ സമീപഭാവിയില്‍ ഉണ്ടാവട്ടെയെന്ന് ഞാന്‍ ആത്മാര്‍തമായി പ്രതീക്ഷിക്കുന്നു'.