
കൊവിഡ് മഹാമാരി ആഞ്ഞുവീഴുമ്പോഴും പതിവ് തെറ്റിക്കാതെ ഹിമവാന്റെ നെറുകയിൽ പ്രകൃതിയുടെ വർണവിസ്മയം. ഉത്തരഖണ്ഡിലെ ഹിമാലയൻ നിരകളിൽ അപൂർവ കാഴ്ചയൊരുക്കി ബ്രഹ്മ കമല പുഷ്പങ്ങൾ പൂത്തിരിക്കുകയാണ്. സൂര്യാസ്തമയത്തിന് ശേഷം വിടരുന്ന ഈ അപൂർവ ബ്രഹ്മ കമലം വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്.
#WATCH Uttarakhand: Brahma Kamal flowers begin blooming in Rudraprayag. pic.twitter.com/dLLcyVweEe— ANI (@ANI) October 10, 2020
സാധാരണ ഓഗസ്റ്റ് - സെപ്റ്റംബർ പകുതിയോടെയാണ് ഇവ പൂത്തിരുന്നത്. എന്നാൽ ഇത്തവണ അത് വൈകി ഒക്ടോബറിലാണെത്തിയത്. ചമോലിയിലും രുദ്രപ്രയാഗിലും മഞ്ഞു പുതഞ്ഞ താഴ്‌വരകളിൽ പൂത്തുനില്ക്കുന്ന ബ്രഹ്മ കമലത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള വിശുദ്ധ പുഷ്പമാണിത്.

ബ്രഹ്മദേവന്റെ പുഷ്പമാണ് താമരയുടെ ആകൃതിയിലുള്ള ഈ വെളുത്ത ബ്രഹ്മ കമലം എന്നാണ് ഐതിഹ്യം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് ബ്രഹ്മ കമലം. കേദാർനാഥ്, ബദ്രിനാഥ്, തുംഗനാഥ് തുടങ്ങിയ പുണ്യ കേന്ദ്രങ്ങളിൽ ആരാധനയ്ക്ക് ഈ പുഷ്പങ്ങൾ ഉപയോഗിക്കുന്നു. ഉത്തരഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മ കമലം ഹിമാലയൻ പൂക്കളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.

ടിബറ്റൻ പരമ്പരാഗത ചികിത്സാവിധിയിലും ആയൂർവേദത്തിലും ബ്രഹ്മകമലത്തിന് ഏറെ പ്രാധാന്യമുണ്ട്. മുറിവിനും ചതവിനും മറ്റും ഹിമാലയൻ താഴ്‌വരകളിലെ പ്രാദേശികർ ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ കടന്നുകയറ്റവും മൂലം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ബ്രഹ്മ കമലങ്ങൾ ഭീഷണി നേരിടുന്നു. ബ്രഹ്മ കമലത്തിന്റെ എല്ലാ സ്പീഷിസുകളും സംരക്ഷിക്കുന്നതിനായി ചമോലി ജില്ലയിൽ ഉത്തരാഖണ്ഡ് സർക്കാർ പ്രത്യേക നഴ്സറികൾ സ്ഥാപിച്ചിട്ടുണ്ട്.