
സാവോപോളോ:ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീലിന് തകർപ്പൻ തുടക്കം. കഴിഞ്ഞ ദിവസം നടന്ന ഖത്തർ ലോകകപ്പിനായുള്ള തങ്ങളുടെ ആദ്യയോഗ്യതാ മത്സരത്തിൽ ബ്രസീൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ബൊളീവിയയെ തകർത്തു. റോബർട്ടോ ഫിർമിനോ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ മാർക്വിന്നോസ്, കുട്ടീഞ്ഞോ എന്നിവർ ഓരോഗോൾ വീതം നേടി. ബൊളീവിയൻ ഫുൾബാക്ക് ഹോസെ കരാസ്കോയുടെ സംഭാവനയായി കിട്ടിയ സെൽഫ് ഗോളും ബ്രസീലിന്റെ അക്കൗണ്ടിൽ എത്തി. മത്സരത്തിൽ ബ്രസീലിന്റെ സർവാധിപത്യമായിരുന്നു. ഷോട്ടുകളിലും പൊസഷനിലും പാസുകളിലുമെല്ലാം ബ്രസീൽ ബൊളീവിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. കൊരിന്ത്യൻസ് അരീനയിൽ നടന്ന മത്സരത്തിൽ 20 ഷോട്ടുകളാണ് ബൊളീവിയൻ ഗോൾ മുഖം ലക്ഷ്യമാക്കി ആതിഥേയർ തൊടുത്തത്. 16-ാം മിനിട്ടിൽ മാർക്വിന്നോസിലൂടെയാണ് ബ്രസീൽ ഗോൾ അക്കൗണ്ട് തുറന്നത്. 30, 49 മിനിട്ടുകളിൽ ഫിർമിനോ ലീഡ് വർദ്ധിപ്പിച്ചു. 66-ാം മിനിട്ടലായിരുന്നു കരാസ്കോയുടെ സെൽഫ് ഗോൾ. 73-ാം മിനിട്ടൽ തകർപ്പൻ ഹെഡ്ഡറിലൂടെ കുട്ടീഞ്ഞോ ബ്രസീലിന്റഎ ഗോൾ പട്ടിക പൂർത്തിയാക്കി. ഗോളടിച്ചില്ലെങ്കിലും നെയ്മറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫിർമിനോയുടെ രണ്ടാം ഗോളിനും കുട്ടീഞ്ഞോയുടെ ഹെഡ്ഡറിനും പാസ് നൽകിയത്.നെയ്മറായിരുന്നു. ചൊവ്വാഴ്ച പെറുവിനെതിരെ ലിമയിലാണ് ബ്രസീലിന്റെ അടുത്ത യോഗ്യതാ പോരാട്ടം.
മറ്റൊരു മത്സരത്തിൽ കൊളംബിയ 3-0ത്തിന് വെനസ്വേലയെതോൽപ്പിച്ചു. ലൂയിസ് ഫെർണാണ്ടോ മ്യുറിയെൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ ദുവാൻ സപ്പാറ്റ ഒരു ഗോൾ നേടി..