
ശ്രീനഗർ: അതിർത്തിയിലെ നിയന്ത്രണരേഖ മറികടന്ന് ജമ്മു കാശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം തകർത്ത് ഇന്ത്യൻ ആർമി. ജമ്മുവിലെ കേരാൻ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താൻ പാകിസ്ഥാൻ ശ്രമിച്ചത്. എ.കെ. 74 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി സേന അറിയിച്ചു.
കിഷൻഗംഗ നദിയിലൂടെ രണ്ടുമൂന്നുപേർ ചേർന്ന് ചില സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം സ്ഥലത്തെത്തുകയായിരുന്നു. ഇവരിൽ നിന്നും നാല് എ.കെ. 74 തോക്കുകളും തിരകളും ഉൾപ്പെടെ സേന പിടിച്ചെടുത്തു. പ്രദേശത്ത് കൂടുതൽ തിരച്ചിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്ന് ചിനാർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബി.എസ്. രാജു പറഞ്ഞു.