halal-love-story

ഷഹബാസ് അമന്റെ മാസ്മരിക ശബ്ദം, റെക്‌സ് വിജയന്റെ ഈണം, മുഹ്‌സിന്‍ പരാരിയുടെ മൊഞ്ചുള്ള വരികള്‍ അതിലെല്ലാമുപരി മലപ്പുറത്തിന്റെ മനോഹാരിത പകര്‍ത്തി ശ്രദ്ധ നേടിയിരിക്കുകയാണ് 'ഹലാല്‍ ലൗ സ്റ്റോറി'യിലെ 'സുന്ദരനായവനേ' എന്ന ഗാനം. സുന്ദരനായവനെ സുബ്ഹാനല്ലാ എന്ന തുടങ്ങുന്ന ഗാനത്തില്‍ മലപ്പുറത്തെ ഗ്രാമഭംഗിയാണ് കാണാനാവുക

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ഹലാല്‍ ലൗ സ്റ്റോറി'യിലെ ഈ ഗാനത്തിന്റെ ലിറിക്കല്‍ മുമ്പ് പുറത്തിറക്കിയിരിക്കുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇപ്പോള്‍ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സുഡാനി ഫ്രം നൈജീരിയ'യ്ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലൗ സ്റ്റോറി' ഈ മാസം 15നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. 2018-ല്‍ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച ജനപ്രിയചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാര്‍ഡും മികച്ച നടന്‍, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകന്‍, മികച്ച സ്വഭാവനടിമാര്‍ എന്നീ സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും സുഡാനി ഫ്രം നൈജീരിയ നേടിയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തുടങ്ങി വലിയൊരു താരനിര തന്നെയാണ് സക്കരിയായുടെ പുതിയ ചിത്രമായ ഹലാല്‍ ലൗ സ്റ്റോറിയിലുള്ളത്. ഒ.പി.എം ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്ന ആശിം എന്നിവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ്. അജയ് മേനോന്‍ ഛായാഗ്രഹണണം, സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു.