dr-narayanan

കൊച്ചി: വ്യത്യസ്തനായ,വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഡോക്ടറെ കാണണമെങ്കില്‍ കളമശേരി നഗരസഭയിലെ 'ശരണ്യ' യിലെത്തിയാല്‍ മതി. പ്രശസ്ത എഴുത്തുകാരി പ്രിയ എ എസ് വിശേഷിപ്പിച്ച 'സന്യാസിയായ ഡോക്ടര്‍ നാരായണന്‍. അടുത്തറിയാവുന്നവര്‍ക്കു നാരായണന്‍ ഡോക്ടറെ പറ്റി പറയാന്‍ നൂറു നാവാണ്. മിക്കവരും നാരായണന്‍ ഡോക്ടറെ ആദ്യം കാണും. അദ്ദേഹം കൈയ്യൊഴിഞ്ഞാലെ മറ്റൊരു ഡോക്ടറെ കാണുന്ന കാര്യം പരിഗണിക്കൂ .

നാരായണന്‍ ഡോക്ടറാണെങ്കില്‍ അത്യാവശ്യമെങ്കില്‍ മാത്രമെ മരുന്ന് കുറിക്കുകയുള്ളു , രോഗിയോ കൂടെ വന്നവരോ കണ്‍സല്‍ട്ടിംഗ് ഫീസ് നല്‍കാനായി എടുക്കുമ്പോള്‍ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിക്കും 'പൊയ്‌ക്കോളു' എന്ന്. , ഫീസ് വാങ്ങാത്തതു കൊണ്ട് പിന്നെ ചെല്ലാന്‍ മടിക്കുന്നവരും ചിലരുണ്ട്. ഇതേ പറ്റി നാരായണന്‍ ഡോക്ടര്‍ തന്നെ പറയുന്നു 'തന്നെ 20 രൂപ ഡോക്ടറെന്നാണ് ചിലര്‍ കളിയാക്കുന്നത്. പണം വാങ്ങാതിരുന്നപ്പോള്‍ ചിലര്‍ക്ക് നിര്‍ബ്ബന്ധം. എങ്കില്‍ 20 രൂപ തന്നേക്കു എന്നു പറയും. മരുന്ന് വെറുതെ കൊടുത്താലും സ്ഥിതി ഇതുതന്നെ. കഴിക്കില്ല, ഫ്രീ കിട്ടിയതല്ലെ ! 'അതു കൊണ്ട് ആ പരിപാടി നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി രോഗകാരണം കണ്ടു പിടിക്കാനുള്ള മിടുക്ക് തന്നെയാണ് ഡോക്ടറെ ജനകീയനാക്കുന്നത്. ആവശ്യമെങ്കില്‍ മാത്രം ഫലപ്രദമായ മരുന്നും. പറ്റാത്ത കേസാണെങ്കില്‍ തുറന്നു പറയും അറിവിന്റെ ജാഡയില്ല. ആയുര്‍വേദത്തെ ബഹുമാനിക്കുന്ന അലോപ്പതി ഡോക്ടര്‍ ,അതില്‍ തനിക്ക് അറിവുണ്ടെന്ന് ഒരിക്കലും സമ്മതിച്ചു തരില്ല.

പാരമ്പര്യ വൈദ്യന്മാരായ കാരണവന്‍മാരില്‍ നിന്ന് ചികിത്സാ-ഔഷധ ജ്ഞാനം ഇദ്ദേഹത്തിനും പകര്‍ന്നു കിട്ടിയിട്ടുണ്ട്. മൈസൂര്‍ രാജാവിന്റെ വൈദ്യനായിരുന്ന പ്രമുഖനായ നമ്പീശന്‍ വൈദ്യന്‍ ഇദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ചില രോഗികളോട് ആയുര്‍വേദ മരുന്ന് നിര്‍ദ്ദേശിക്കും,അല്ലെങ്കില്‍ അതിലെ വിദഗ്ദ്ധനെ ഒന്നു കാണുന്നത് നല്ലതാണ് എന്നൊരഭിപ്രായം മാത്രമെ പറയൂ.