
കൊൽക്കത്ത: കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ ( 85 ) നില ഗുരുതരമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. നേരിയ പനിയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിനോടൊപ്പം ശ്വാസകോശ അസുഖങ്ങൾ കൂടി ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സത്യജിത് റേയുടെ പ്രിയപ്പെട്ട നടനായിരുന്ന സൗമിത്ര ചാറ്റർജി ഇന്ത്യൻ സിനിമയിലെ അതുല്യനായ അഭിനയ പ്രതിഭയാണ്. അപുർ സൻസാർ മുതൽ പതിന്നാല് റേ സിനിമകളിൽ ഉജ്ജ്വല അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
അച്ഛനെ 12 അംഗ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണെന്നും എല്ലാം ശരിയായി അദ്ദേഹം മടങ്ങിവരുമെന്ന് വിശ്വസിക്കുന്നതായും സൗമിത്രയുടെ മകൾ പൗലമി ദാസ് പറഞ്ഞു. അഭിജാൻ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഷെഡ്യൂളിൽ അഭിനയിക്കുകയായിരുന്നു സൗമിത്ര. രണ്ടാം ഷെഡ്യൂൾ ഒക്ടോബർ ഏഴിന് നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വർഷം ന്യൂമോണിയ ബാധിച്ച് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.