
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ബി.ജെ.പി റാലിക്കിടെ സിഖുകാരനെ മർദ്ദിച്ച് തലപ്പാവ് വലിച്ച പൊലീസ് നടപടി വിവാദമാകുന്നു. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം. മാർച്ചിനെത്തിയവരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടായി. മൽപ്പിടിത്തത്തിനിടെ സിഖുകാരന്റെ തലപ്പാവ് ഊരിവീഴുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തൃണമൂൽ കോൺഗ്രസ് മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. മുൻ സൈനികനായ 43കാരൻ ബൽവീന്ദർ സിംഗാണ് പൊലീസ് പിടിയിലായത്. ഇയാൾ ബി.ജെ.പി നേതാവിന്റെ സുരക്ഷു ഉദ്യോഗസ്ഥനാണ്. തിരനിറച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
തോക്ക് കൈവശം വച്ചിരുന്നയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ ശിരോവസ്ത്രം ഊരിപ്പോയതാണെന്നാണ് ബംഗാൾ പൊലീസിന്റെ വിശദീകരണം. ഊരിപ്പോയ തലപ്പാവ് എടുത്തണിയാൻ പൊലീസ് അയാളോട് ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസും പറഞ്ഞു.