
കേച്ചേരി: പ്രശസ്ത പുള്ളുവൻപാട്ട് കലാകാരി ചൂണ്ടൽ പാർവതി (80) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.
കേരള ഫോക്‌ലോർ അവാർഡ് നേടിയിട്ടുള്ള പാർവതി പ്രസിദ്ധ പുള്ളുവൻപാട്ട് കലാകാരനായിരുന്ന വടക്കേതിൽ പരേതനായ നാരായണന്റെ ഭാര്യയാണ്.
കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിലും പ്രസിദ്ധമായ തറവാടുകളിലും അനുഷ്ഠാനകലയായ പുള്ളുവൻപാട്ടിൽ നിറസാന്നിദ്ധ്യമായിരുന്നു. തൃശൂർ ആകാശവാണിയിലൂടെ ശ്രോതാക്കൾക്ക് സുപരിചിതയായ പാർവതി, ജി. അരവിന്ദന്റെ മാറാട്ടം എന്ന സിനിമയിലും ചിറയ്ക്കൽ ദേവരാജന്റെ തോറ്റങ്ങൾ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
സംസ്കാരം ചെറുതുരുത്തി ശാന്തിതീരത്ത് നടത്തി. നാഗപ്പാട്ട് കലാരംഗത്തുള്ള സുഗുണൻ, സുധർമ്മൻ, ശ്രീസുഷ, സുവർണ, സുധീന്ദ്രൻ എന്നിവർ മക്കളും നാരായണൻകുട്ടി, സേതുമാധവൻ, രാജലക്ഷ്മി, ശോഭന, മിനി എന്നിവർ മരുമക്കളുമാണ്.