
പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് നാടകീയ ജയം
അബുദാബി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വിജയമുറപ്പിച്ചിരുന്ന കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ അവസാന ഓവറുകളിലെ തകർപ്പൻ ബൗളിംഗിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റെഡേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് അനായാസം വിജയതീരത്തെത്തുമെന്ന് കരുതിയെങ്കിലും പ്രസിദ്ധ് കൃഷ്ണയുടേയും സുനിൽ നരെയ്‌ന്റെ അവസാന ഓവറുകളിലെ സെൻസിബിൾ ബൗളിംഗ് കൊൽക്കത്തയ്ക്ക് 2 റൺസിന്റെ അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തിൽ 162ൽ പഞ്ചാബിന്റെ വെല്ലുവിളി അവസാനിച്ചു.
ഓപ്പണർമാരായ നായകൻ കെ.എൽ രാഹുലും (58 പന്തിൽ 75), മായങ്ക് അഗർവാളും (39 പന്തിൽ 56) ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും 14. 1 ഓവറിൽ 115 റൺസാണ് അടിച്ചെടുത്തത്. മായങ്കിനെ ശുഭ്മാൻ ഗില്ലിന്റെ കൈയിൽ എത്തിച്ച് പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. 6 ഫോറും 1 സിക്സും മായങ്ക് നേടി. തുടർന്നെത്തിയ നിക്കോളാസ് പൂരൻ 10 പന്തിൽ 2 ഫോറിന്റേയും 1 സിക്സിന്റേയും അകമ്പടിയോടടെ പെട്ടെന്ന് 16 റൺസ് നേടി നരെയ്ന്റെ പന്തിൽ പുറത്താകുമ്പോൾ 17.2 ഓവറിൽ 144/2 എന്ന നിലയിൽ ആയിരുന്നു പഞ്ചാബ്. ജയിക്കുമെന്ന കാര്യത്തിൽ പഞ്ചാബ് ക്യാമ്പിന് യാതൊരു സംശയവുമില്ലായിരുന്നു അപ്പോൾ. പ്രത്യേകിച്ച് അർദ്ധസെഞ്ച്വറി പൂർത്തിയാക്കി രാഹുൽ ക്രീസിൽ ഉള്ളപ്പോൾ. 16 പന്തിൽ 21 റൺസ് മതിയായിരുന്നു അവർക്കപ്പോൾ ജയിക്കാൻ. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. നരെയ്നും പ്രസിദ്ധും അതിമനോഹരമായി ഡെത്ത് ഓവർ കൈകാര്യം ചെയ്തപ്പോൾ പഞ്ചാബിന്റെ കൈക്കുമ്പിളിൽ നിന്ന് വിജയം വഴുതിപ്പോവുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ പഞ്ചാബിന് 14 റൺസാണ് വേണ്ടിയിരുന്നത്. നരെയ്‌നായിരുന്നു ബൗളർ. ആദ്യ പന്തിൽ മാക്സ് വെൽ രണ്ട് റൺസ് നേടി. അടുത്ത പന്ത് ബീറ്റണായെങ്കിലും മൂന്നാം പന്തിൽ ഫോർ. നാലാം പന്തിൽ ലെഗ് ബൈ കിട്ടി. അഞ്ചാം പന്തിൽ മൻദീപിനെ (0) ഗ്രീൻ പിടികൂടി. അവസാന പന്തിൽ ജയിക്കാൻ 7 റൺസ്. ആ പന്ത് മാക്സ്‌വെൽ ഉയർത്തിയടിച്ചെങ്കിലും ബൗണ്ടറി ലൈനിന്റെ അരികിൽ കുത്തി ഫോർ ആയതോടെ കൊൽക്കത്ത അപ്രതീക്ഷിത ജയം ആഘോഷിക്കുകയായിരുന്നു. പ്രസിദ്ധ് 4 ഓവറിൽ 29 റൺസ് നൽകി 3 വിക്കറ്റും നരെയ്‌ൻ 4 ഓവറിൽ 28 റൺസ് നൽകി രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തേ നായകൻ ദിനേഷ് കാർത്തിക്കിന്റെയും (29 പന്തിൽ 58), ശുഭ്മാൻ ഗില്ലിന്റേയും (47 പന്തിൽ 57) അർദ്ധസെഞ്ച്വറികളാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 8ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് കാർത്തിക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. കാർത്തിക്ക് തന്നെയാണ് കളിയിലെ കേമൻ.