
ഇത് കള്ളങ്ങളുടെയും, കുപ്രചരണങ്ങളുടെയും, അടിസ്ഥാനമേതുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും കാലമാണ്. വസ്തുതകളുടെ പിൻബലമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന ഇന്റർനെറ്റ് ട്രോളുകൾക്കും വാട്സാപ്പ് ഫോർവേർഡുകൾക്കും സോഷ്യൽ മീഡിയാ തിയറികൾക്കും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള സ്വീകാര്യത ലഭിക്കുന്ന ഇരുണ്ട കാലം.
വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലോ കമന്റിന്റെ പിൻബലത്തിലോ മുൻപെങ്ങുമില്ലാത്ത തരത്തിൽ, കാട്ടുതീ പടരുന്ന വേഗത്തിൽ വംശീയതയും വർഗീയതയും ഇളക്കിവിടപ്പെടുന്നത് വാർത്തകൾക്കും പ്രചാരണങ്ങൾക്കും പിന്നിലെ വസ്തുതകൾ പരിശോധിക്കാൻ പുതിയ ലോകത്തെ മനുഷ്യർ മടി കാട്ടുന്നത് കൊണ്ടാണ്.
നിലയ്ക്കാത്ത ഫോൺ നോട്ടിഫിക്കേഷനുകളും, സോഷ്യൽ മീഡിയ ഫീഡുകളും ചിന്തിക്കാനുള്ള ഒരു അവസരം നമുക്ക് തരാത്തതുകൊണ്ടാണ്. യോഗ ചെയ്‌താൽ കൊവിഡ് രോഗം ഭേദമാകുമെന്നും സംസ്‌കൃതം കൊണ്ട് റോബോട്ടുകളെ സൃഷ്ടിക്കാനാകുമെന്നുമുള്ള അബദ്ധ പ്രസ്താവനകൾ നമ്മുടെ രാഷ്ട്രീയ നേതാക്കൾ നടത്തുന്നതിന്റെയും കാരണം മറ്റൊന്നല്ല.
എന്നാൽ ഇപ്പോൾ ഇത്തരത്തിലൊരു 'വസ്തുത'യുടെ പിൻബലത്തിൽ ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ജയം നേടാൻ ഒരുങ്ങുകയാണ് ഒരു രാഷ്ട്രീയ നേതാവ്. മറ്റാരുമല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ. അതിന് അദ്ദേഹത്തെ സഹായിക്കുന്നതോ കുപ്രസിദ്ധമായ 'ക്യൂ ആനൻ തിയറി'യും.
എന്താണ് 'ക്യൂ ആനൻ'?
അമേരിക്കയെ നിയന്ത്രിക്കുന്നത് ഒരു പറ്റം ശിശുപീഡകരായ(പീഡോഫൈൽ), ചെകുത്താൻ സേവകരാണെന്നും ഇവർ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് പറയുന്ന ഗൂഢാലോചനാ സിദ്ധാന്തത്തെയാണ് 'ക്യൂ ആനൻ തിയറി' എന്ന് പറയുന്നത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ, വലതുപക്ഷ വിഭാഗത്തിൽപ്പെട്ട ആൾക്കാരാണ് പ്രധാനമായും ഈ സിദ്ധാന്തം പിന്തുടരുന്നതും അത് പ്രചരിപ്പിക്കുന്നതും.
ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കനിന്റെ എതിർ പാർട്ടിയായ ഡെമോക്രാറ്റ് പാർട്ടിയും പുരോഗമനാശയങ്ങളിൽ വിശ്വസിക്കുന്നവരുമാണ് ഈ ഗൂഢസംഘത്തിലെ അംഗങ്ങളെന്നും ഇവരിൽ ധനാഢ്യരായ രാഷ്ട്രീയക്കാർ, അറിയപ്പെടുന്ന സിനിമാ പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നും 'ക്യൂ ആനൻ' തിയറിസ്റ്റുകൾ പറയുന്നുണ്ട്.
അസാന്മാർഗികമായ വഴികളിലൂടെ സർക്കാർ നയങ്ങളെയും നിലപാടുകളെയും നിയന്ത്രിക്കുന്ന 'ഡീപ്പ് സ്റ്റേറ്റി'ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇവർ ട്രംപിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിനായി മാദ്ധ്യമങ്ങൾ, വിനോദ/ സിനിമാ മേഖല എന്നിവയെ ദോഷകരമായി ഉപയോഗിക്കുകയാണ് എന്നും 'ക്യൂ ആനൻ' തിയറിസ്റ്റുകൾ പറയുനുണ്ട്. തനിക്ക് അനുകൂലമായി 'മാദ്ധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാൾ' എന്ന അപഖ്യാതിയുള്ള ട്രംപിനെ സംരക്ഷിക്കാനാണ് ഇവർ ഈ വ്യാജ സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നത് എന്നതാണ് കൗതുകകരം.
'ക്യൂ ആനൻ' തിയറിയുടെ ഉത്ഭവം
'4ചാൻ' എന്ന ഓൺലൈൻ മെസേജിംഗ്, ഇമേജ് ഡാഷ്ബോർഡ് സൈറ്റ് വഴിയാണ് ഈ സിദ്ധാന്തം ആദ്യമായി പുറത്തുവരുന്നത്. വൻ തോതിലുള്ള അധികാരം കൈയാളുന്ന, 'നരഭോജികളായ ശിശുപീഡകരുടെ' ഈ സംഘടനയ്ക്ക് തടയിടാനാണ് ട്രംപ് വീണ്ടും അധികാരത്തിൽ വരുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വീണ്ടും എത്തുകയാണെങ്കിൽ രാജ്യമൊട്ടുക്ക് വ്യാപകമായ അറസ്റ്റുകൾ നടക്കുമെന്നും പേര് വെളിപ്പെടുത്താത്ത ഒരു അക്കൗണ്ട് വഴി ഒരാൾ പോസ്റ്റിടുകയും തുടർന്ന് സോഷ്യൽ മീഡിയ ആ പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു.
പിന്നീട് വലതുപക്ഷ തീവ്ര സംഘടനകൾക്കും, അമേരിക്കൻ വംശീയ സംഘടനകൾക്കും ആധിപത്യമുള്ള '8ചാൻ' എന്ന സൈറ്റിലും അതിന്റെ മറ്റൊരു പതിപ്പായ '8കുൻ' എന്ന് പേരുള്ള സൈറ്റിലും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വൻതോതിൽ പ്രത്യക്ഷപ്പെടുകയും അവ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഈ ഗൂഡാലോചനാ സിദ്ധാന്തത്തിന് അമേരിക്കൻ വലതുപക്ഷത്തിനിടയിൽ ആശ്ചര്യം ജനിപ്പിക്കുന്ന സ്വീകാര്യത ലഭിക്കുകയായിരുന്നു. പിന്നീട് അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളും പ്രസിഡന്റ് ട്രംപ് പോലും ഈ കപടസിദ്ധാന്തത്തിന് പലരീതിയിലും അംഗീകാരം നൽകി. തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും മറ്റും ജൂതവിരുദ്ധതയും, വംശീയതയും പടർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വോട്ടുകൾ നേടാനായി വളരെ പരസ്യമായി തന്നെ ഈ സിദ്ധാന്തത്തെ ഉപയോഗപ്പെടുത്തുന്നതാണ് കണ്ടത്.
ആരാണ് 'ക്യൂ ആനൻ'?
അമേരിക്കൻ ഊർജ വകുപ്പിന്റെ കൈവശമുള്ള അതീവ രഹസ്യമായ വിവരങ്ങളും പരിധികൾ കൽപ്പിക്കപ്പെട്ട ഡാറ്റയ്ക്കും ആവശ്യമായ സുരക്ഷാ ക്ലിയറൻസിനെ 'ക്യൂ ക്ലിയറൻസ്' എന്നാണ് പറയുക. അതുകൊണ്ടുതന്നെ ഈ പേരിൽ ഗൂഡാലോചനാ സിദ്ധാന്തവുമായി പ്രത്യക്ഷപ്പെട്ട പേരറിയാത്ത അക്കൗണ്ടിന് പിന്നിൽ ഒരു ഉന്നതതല സർക്കാർ ഉദ്യോഗസ്ഥനാണ് പ്രവർത്തിച്ചതെന്ന അടിസ്ഥാനമില്ലാത്ത വാർത്ത അതിവേഗം തന്നെ പരന്നു.
അതുകൊണ്ടാണ് ഈ അക്കൗണ്ടിലൂടെ പുറത്തുവന്ന വിവരങ്ങൾക്ക് അതിവേഗം സാധൂകരണം ലഭിക്കാൻ കാരണമായതെന്നും അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ക്രമേണ ഈ അക്കൗണ്ടിലൂടെ വന്ന വിവരങ്ങൾ ട്രംപ് അനുകൂല തിരഞ്ഞെടുപ്പ് റാലികളിലെ പ്ലക്കാർഡുകളിലും വലതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പേജുകളിലും ഇടം പിടിച്ചു. പിന്നീട്‍ മുഖ്യധാരാ സോഷ്യൽ മീഡിയാ സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും പോലും ക്യൂ ആനനുമായി ബന്ധപ്പെട്ട വിവരങ്ങൾ വൻ തോതിൽ പ്രചരിക്കപ്പെടുന്നതാണ് അമേരിക്ക കണ്ടത്.
'ക്യൂ' അപകടകാരിയോ?
ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ 'സുവർണ കാലഘട്ടമായ' കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് 'ക്യൂ ആനൻ' ഏറ്റവും കൂടുതൽ പ്രചാരം നേടിയതെന്നതും വസ്തുതയാണ്. പ്രധാനമായും ട്രംപിനെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് കസേരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കപ്പെടുന്ന ആ കള്ള സിദ്ധാന്തത്തെയും അതിന്റെ പ്രചാരകരെയും ഭീകരവാദ ഭീഷണിയുടെ പട്ടികയിൽപ്പെടുത്തുകയാണ് അമേരിക്കൻ സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐ ചെയ്തിരിക്കുന്നത്. കപട സിദ്ധാന്തത്തിന് ലഭിക്കുന്ന സ്വീകാര്യത 'ക്യൂ ആനൻ'കാർക്ക് വ്യാപകമായ ഹിംസാ പ്രവർത്തനങ്ങൾ നടത്താൻ പ്രചോദനമാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് എഫ്.ബി.ഐ ഈ നടപടി സ്വീകരിച്ചത്.