
ലാഹോര്‍: ബലാത്സംഗക്കേസുകളില്‍ ഇരകളെ വിവാദമായ 'രണ്ട് വിരല്‍ പരിശോധന'യ്ക്ക് വിധേയരാക്കുന്നതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാര്‍. ബലാത്സംഗക്കേസുകളിലെ മെഡിക്കോ ലീഗല്‍ പരിശോധനകളുടെ ഭാഗമായി ഇരകളെ രണ്ട് വിരല്‍ പരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് പാക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം നീതിന്യായ മന്ത്രാലയം അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ ചൗധരി ഇഷ്തിയാഖ് അഹമ്മദ് ഖാനെ അറിയിച്ചതായും അദ്ദേഹം സര്‍ക്കാര്‍ നിലപാട് ലാഹോര്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും പാക് മാദ്ധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ബലാത്സംഗക്കേസുകളില്‍ ഈ പരിശോധന 'അശാസ്ത്രീയവും ചികിത്സാപരമായി അനാവശ്യവും അവിശ്വസനീയവുമാണ്' എന്ന ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക് സര്‍ക്കാരിനോട് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചാനല്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവാദമായ ഇത്തരം പരിശോധനയ്‌ക്കെതിരെ രണ്ട് പൊതുതാത്പര്യ ഹര്‍ജികളും പാക് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗക്കേസുകളില്‍ ഇരകളുടെ യോനിയില്‍ ഡോക്ടര്‍ രണ്ട് വിരലുകള്‍ കടത്തി നടത്തുന്ന പരിശോധനയാണ് ടി.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രണ്ട് വിരല്‍ പരിശോധന (Two Finger Test). എന്നാല്‍ ഈ പരിശോധന അനാവശ്യവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരോഗ്യവിദഗ്ദ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പരിശോധനയ്ക്ക് വിലക്കുണ്ട്.
പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് പാര്‍ട്ടിയുടെ നാഷണല്‍ അംസംബ്ലി അംഗം സമര്‍പ്പിച്ച ഹര്‍ജിയും ഒരു സംഘം വനിതാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മറ്റു വിദഗ്ദ്ധരും ചേര്‍ന്ന് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയുമാണ് ലാഹോര്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ടി.എഫ്.ടി 'അപമാനകരവും മനുഷ്യത്വരഹിതവും സ്ത്രീകളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതു'മാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.
കന്യകാത്വം പരിശോധിക്കുന്നതിനായി ടി.എഫ്.ടി പരിശോധന നടത്തിയാലും തെളിവുലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാല്‍ ഇത് മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് പ്രോട്ടോകോളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പഞ്ചാബ് സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ ആന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.