mink

ന്യൂയോർക്ക് : മൃഗങ്ങളിൽ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുമോ ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂച്ച ഉൾപ്പെടെയുള്ള ജീവികളിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടരുമോ ? പടരുക മാത്രമല്ല, ആ മിണ്ടാപ്രാണികളുടെ ജീവൻ കവരാൻ തന്നെ ഇടയാക്കുകയും ചെയ്യാം എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

യു.എസിലുടനീളമുള്ള ഫർ ഫാമുകളിൽ നിന്നായി പതിനായിരത്തോളം മിങ്കുകളാണ് കൊവിഡ് ബാധയെ തുടർന്ന് ചത്തത്. യ‌്യൂട്ടയിലെയും വിസ്കോൺസിനിലെയും ഫാമുകളിലെ മിങ്കുകളാണ് ചത്തത്. യ‌്യൂട്ടയിൽ മാത്രം 8,000 ത്തോളം മിങ്കുകൾ ചത്തതായാണ് റിപ്പോർട്ട്. ജൂലായിൽ ഇവിടുത്തെ ഫാം ജീവനക്കാർക്കിടെയിൽ കൊവിഡ് പടർന്നുപിടിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് മുതൽ മിങ്കുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു.

മനുഷ്യരിൽ നിന്നുമാണ് മിങ്കുകളിലേക്ക് വൈറസ് പടർന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മിങ്കുകളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ല. വിസ്കോൺസിനിൽ 2,000 ത്തോളം മിങ്കുകൾ ചത്തു. മരണം റിപ്പോർട്ട് ചെയ്ത ഫാമുകൾ അധികൃതർ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. നായ, പൂച്ച, സിംഹം, കടുവ തുടങ്ങിയവയ്ക്കും നേരത്തെ യു.എസിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

നീർനായയുടെ കുടുംബത്തിൽപ്പെട്ട മാംസഭോജികളായ മിങ്കുകളെ രോമക്കുപ്പായം നിർമിക്കാനായാണ് ഫാമുകളിൽ പ്രധാനമായും വളർത്തുന്നത്. നേരത്തെ നെതർലൻഡ്സ്, സ്പെയിൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലും മിങ്കുകളിൽ വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് പതിനായിരക്കണക്കിന് മിങ്കുകളെ രോഗവ്യാപനം തടയാനായി കൊന്നുകളയുകയും ചെയ്തിരുന്നു. ശ്വാസതടസം ഉൾപ്പെടെ മനുഷ്യരിലുണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ് ഇവയ്ക്കും പ്രകടമാകുന്നത്.