
ന്യൂഡൽഹി: പെൺകുട്ടിയുമായുള്ള സുഹൃദ്ബന്ധത്തിന്റെ പേരിൽ ഡൽഹിയിൽ 18കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി.
ഡൽഹി ആദർശ് നഗർ സ്വദേശിയും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ രാഹുൽ രാജ്പുത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ബുധനാഴ്ച വൈകിട്ടാണ് പത്തുപേരടങ്ങുന്ന സംഘം രാഹുലിനെ ക്രൂരമായി മർദിച്ചത്. കോളേജ് പഠനത്തിനൊപ്പം രാഹുൽ കുട്ടികൾക്കായി ട്യൂഷൻ എടുത്തിരുന്നു. ട്യൂഷന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് രാഹുലിനെ പുറത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് തെരുവിലിട്ട് മർദ്ദിക്കുകയായിരുന്നു. അക്രമം കണ്ടെത്തിയ ചിലർ തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഗുരുതരമായി പരിക്കേറ്റ രാഹുൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
രാഹുലുമായുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.