
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയുള്ള കേസിൽ ഉടൻ അറസ്റ്റിലേക്ക് നീങ്ങേണ്ടത്തില്ലെന്ന തീരുമാനവുമായി പൊലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ തീരുമാനത്തിലെത്തിയത്.
വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നും പൊലീസ് പറയുന്നു. പ്രതികൾക്ക് ഇന്നലെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർക്കുകയാണ് ചെയ്തത്.
സ്ത്രീകളെ അങ്ങേയറ്റം മോശമായ രീതിയിൽ അപമാനിക്കുന്ന തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ലോഡ്ജ് മുറിയിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ കോടതിയെ സമീപിച്ചത്.