
തിരുവനന്തപുരം: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തില്‍ കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയായിരുന്നു ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 11,755 പേര്‍ക്കാണ് ഇന്ന് രോഗബാധ. 23 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന സൂചനയും മുഖ്യമന്ത്രി കണക്കുകള്‍ സഹിതം നല്‍കി.
പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ മരണങ്ങള്‍ വര്‍ദ്ധിക്കാം
സംസ്ഥാനത്ത് ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ കൊവിഡ് വ്യാപനത്തേയും മരണ നിരക്കിനേയും സംബന്ധിച്ച് നിര്‍ണ്ണായകമായ ഘട്ടമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണമെന്ന് ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയാല്‍ മരണങ്ങള്‍ അധികമാകുന്നത് വലിയ തോതില്‍ തടയാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. രോഗവ്യാപനം ഉച്ചസ്ഥായില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചെന്നും ആരോഗ്യ സംവിധാനം ശക്തമാക്കാന്‍ സാവകാശം ലഭിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ മരണ നിരക്ക് കുറവ്
മെയ് മാസത്തില്‍ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണ നിരക്ക്. ഓഗസ്റ്റില്‍ അത് 0.45 ശതമാനവും സെപ്തംബറില്‍ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ടു ദിവസം മുന്‍പുള്ള കണക്കു പ്രകാരം ആ ദിവസത്തെ കേസ് ഫസ്റ്റാലിറ്റി റേറ്റ് 0.22 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ ഇത്രയധികം കൂടിയിട്ടും മരണ നിരക്ക് ഉയരാത്തത് രോഗവ്യാപനം ഉയര്‍ന്ന അവസ്ഥയില്‍ എത്താന്‍ എടുക്കുന്ന സമയം ദീര്‍ഘിപ്പിച്ചതും, ആ സമയത്തിനിടയില്‍ ആരോഗ്യ സംവിധാനത്തെ ശക്തമാക്കിയതും കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കും
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന സൂചനയാണ് ഇന്ന് വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രി നല്‍കിയത്. പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കേസുകള്‍ വരുന്ന സാഹചര്യമാണിപ്പോഴെന്ന് പറഞ്ഞ അദ്ദേഹം ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് വ്യക്തമാക്കിയത്.
കൊവിഡ് മുക്തരായ 30 % പേര്‍ക്ക് രോഗലക്ഷണം നിലനില്‍ക്കുന്നു
കൊവിഡ് വന്നുപോയ ആളുകളില്‍ 30 ശതമാനം പേരില്‍ രോഗ ലക്ഷണം പിന്നെയും കുറേക്കാലം നില്‍ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ പത്തു ശതമാനം പേരില്‍ ഗുരുതരമായ രീതിയില്‍ ബുദ്ധിമുട്ടുകള്‍ തുടരുന്നതായി കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ താരതമ്യേന രോഗതീവ്രത കുറവാണെങ്കിലും പലരിലും 'മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍' എന്ന സങ്കീര്‍ണ്ണ രോഗവസ്ഥ ഉടലെടുക്കുന്നതായി കണ്ടു വരുന്നുമുണ്ട്.